കാസർകോട് സ്വകാര്യ ആശുപത്രികൾ താത്കാലികമായി സംസ്ഥാന സർക്കാർ ഏറ്റെടുക്കും; കോളേജുകളില്‍ ഉള്‍പ്പെടെ ഐസോലേഷന്‍ വാര്‍ഡുകള്‍ ഒരുങ്ങും

single-img
19 March 2020

സംസ്ഥാനമാകെ കൊറോണ പടരുന്ന സാഹചര്യത്തിൽ കാസർകോട് ജില്ലയിൽ കൂടുതൽ ഐസൊലേഷൻ വാർഡുകൾ ഒരുക്കുന്നതിനായി സ്വകാര്യ ആശുപത്രികൾ സർക്കാർ താത്കാലികമായി ഏറ്റെടുക്കും. ഇതോടൊപ്പം വിദേശത്ത് നിന്നും എത്തുന്നവരെ പരിശോധിക്കാൻ ആശുപത്രികളിലെത്തിക്കുന്ന ചുമതല സംസ്ഥാന സർക്കാർ ഏറ്റെടുക്കും.

ഇത്തരത്തിൽ യാത്രക്കാരെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനായി സർക്കാർ കെഎസ്ആർടിസി ബസുകൾ ഉപയോഗിക്കും. കേരളത്തിലെ യാത്രക്കാർ മംഗലാപുരം വിമാനത്താവളത്തിൽ എത്തിയാൽ അവരെയും കെഎസ്ആർടിസി ബസുകളിൽ ആശുപത്രികളിൽ എത്തിക്കാനാണ് തീരുമാനം.

ജില്ലയിലെ കാസർകോട് ഗവൺമെന്റ് കോളേജും കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലും ഐസൊലേഷൻ വാർഡുകൾ ഒരുക്കുന്നതിന്റെ കൂടെ വാർഡുതല ജാഗ്രത സമിതികൾ രൂപികരിക്കും. കേരളത്തിൽ വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തിൽ കനത്ത ജാ​ഗ്രതാ നിർ​ദ്ദേശങ്ങളാണ് ഒരുക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 27 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്.