എല്ലാ പരീക്ഷകളും മാറ്റിവെക്കാനും ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ചിടാനും സര്‍ക്കാര്‍ തയ്യാറാവണം: കെ സുരേന്ദ്രന്‍

single-img
19 March 2020

കൊറോണ തടയാനായി രാജ്യമാകെ കൂടുതല്‍ ജാഗ്രതയും നിയന്ത്രണവും നടപ്പിലാക്കുമ്പോള്‍ കേരളത്തില്‍ പരീക്ഷകള്‍ നടത്താനും ബാറുകളും ബിവറേജസുകളും തുറന്നു പ്രവര്‍ത്തിപ്പിക്കാനുമുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

രാജ്യം ഇപ്പോള്‍ കടന്നുപോകുന്നത് വളരെ ഗുരുതരമായ സ്ഥിതിയിലായതിനാല്‍ സര്‍വകലാശാലകളിലേതടക്കം എല്ലാ പരീക്ഷകളും മാറ്റിവെക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയതാണ്. ഈ തീരുമാന പ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്ന സിബിഎസ്ഇ പരീക്ഷ ഉള്‍പ്പെടെ മാറ്റിയിട്ടും പരീക്ഷകള്‍ നടത്തിയേ അടങ്ങൂ എന്ന വാശി സര്‍ക്കാരിനെന്തിനാണെന്ന് സുരേന്ദ്രന്‍ ചോദിക്കുന്നു. സംസ്ഥാനത്തെ ബാറുകളും ബിവറേജസ് ഔട്ട് ലെറ്റുകളും അടയ്ക്കണമെന്ന് വിവിധ മേഖലകളില്‍ നിന്ന് ആവശ്യമുയര്‍ന്നതാണ്.

എന്നാല്‍ സര്‍ക്കാര്‍ അതും ചെവിക്കൊണ്ടിട്ടില്ല. ബാറുകള്‍ അടയ്ക്കുന്നത് വഴി വരുമാന നഷ്ടമുണ്ടാകുമെന്നും വ്യാജമദ്യമൊഴുകുമെന്ന വാദം ബാലിശമാണ്. വൈറസ് വ്യാപനത്തെ സംബന്ധിച്ച് ഇനിയുള്ള ദിവസങ്ങള്‍ അതിനിര്‍ണ്ണായകമാണെന്നാണ് വിദഗ്ധാഭിപ്രായം. ആ സ്ഥിതിക്ക് കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്ന ഒരു സാഹചര്യവും ഉണ്ടാകാന്‍ പാടില്ലന്നാണ് നിര്‍ദ്ദേശം.

ബാറുകള്‍, ഔട്ട് ലെറ്റുകള്‍ എന്നിവയില്‍ ഉണ്ടാകുന്ന തിരക്കും ക്യൂവും കൊറോണ പ്രതിരോധത്തിന് ഇതുവരെ സ്വീകരിച്ച എല്ലാ നടപടികളെയും തകര്‍ക്കുന്നതാണെന്നും സര്‍ക്കാരിന് വരുമാനമുണ്ടാക്കാനായി ജനങ്ങളുടെ ജീവന്‍ പന്താടുന്ന സമീപനമാണ് സര്‍ക്കാരിന്റെത് എന്നും സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി തീരുമാനം പുനപ്പരിശോധിച്ച് എല്ലാ പരീക്ഷകളും മാറ്റിവെക്കാനും ബാറുകളും ബിവറേജസ് ഒട്ട്‌ലെറ്റുകളും അടച്ചിടാനും സര്‍ക്കാര്‍ തയ്യാറാകണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.