കൊറോണയ്ക്ക് മരുന്ന് കണ്ടെത്തിയെന്ന് ബാബാ രാംദേവ്; ശുദ്ധ അസംബന്ധമെന്ന് വിദഗ്ധര്‍

single-img
19 March 2020

രാജ്യത്ത് രണ്ടാംഘട്ടത്തില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ച് വരികയാണ്. അതിനൊപ്പം തന്നെ വ്യാജ വാർത്തകളും ഇതിന് പ്രതിവിധിയുമായി എത്തുന്നവരുടെ മുറി വെെദ്യന്മാരുടെ എണ്ണവും കൂടുന്നുണ്ട്. ഇപ്പോഴിതാ കൊറോണക്കുള്ള പ്രതിവിധി കണ്ടെത്തിയെന്ന അവകാശവാദവുമായി രംഗത്തുവന്നിരിക്കുന്നത് പ്രശസ്ത യോഗാ ഗുരുവായ ബാബാ രാംദേവാണ്. കൊറോണ വൈറസിനുള്ള ആയുര്‍വേദ പരിഹാരം തന്റെ പക്കലുണ്ടെന്നാണ് രാംദേവിന്റെ അവകാശവാദം. എന്നാല്‍, ഇതിനെതിരെ കടുത്ത ഭാഷയിലുള്ള വിമര്‍ശനമാണ് ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ ഉന്നയിക്കുന്നത്.

ബാബാ രാംദേവിന്റെ അവകാശവാദത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്ന് പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയിലെ എപിഡെമോളജി വിദഗ്ധന്‍ ഡോ. ഗിരിധര്‍ ബാബു പറഞ്ഞു.അടിസ്ഥാനരഹിതമായ ഇത്തരം അവകാശവാദങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് കാരണമാവുമെന്നും അഭ്യസ്ഥവിദ്യര്‍ പോലും വഴിതെറ്റുന്നതിന് കാരണമായേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം പരസ്യങ്ങള്‍ സര്‍ക്കാര്‍ ഇടപെട്ട് നിരോധിക്കണം. രോഗ പ്രതിരോധ ശേഷിയെക്കുറിച്ചുള്ള അപകടകരമായ ട്വീറ്റുകള്‍ പോലും ജനങ്ങളെ ആശയകുഴപ്പത്തിലാക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

പതഞ്ജലി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഒരു പരസ്യ വീഡിയോയിലാണ് ഇത്തരത്തില്‍ ഒരു മരുന്ന് കണ്ടെത്തിയതായി അവകാശ വാദം ഉന്നയിച്ചത്. ശാസ്ത്രീയ മായ പരിശോധനയ്ക്ക് പിന്നാലെ തങ്ങള്‍ അശ്വഗന്ധ എന്ന മരുന്ന് കണ്ടെത്തി. ഇത് കൊറോണ പ്രോട്ടീനും മനുഷ്യന്റെ പ്രോട്ടീനും തമ്മില്‍ സംയോജിക്കുന്നതിനെ ചെറുക്കുന്നു, എന്നാണ് അദ്ദേഹം പരസ്യത്തില്‍ അഭിപ്രായപ്പെട്ടത്. ഒരു രാജ്യാന്തര മാഗസിന് പരീക്ഷണം അയച്ചുകൊടുത്തെന്നും രാംദേവ് പറഞ്ഞു. എന്നാല്‍ മാഗസിന്റെ പേര് വെളിപ്പെടുത്തിയില്ല. അതേസമയം, ശാസ്ത്രീയ പരീക്ഷണം നടത്തിയെന്ന് പറയുന്നതല്ലാതെ മറ്റു തെളിവുകളൊന്നും അദ്ദേഹം ഹാജരാക്കിയിട്ടില്ല.

ലോകം മുഴുവൻ അനവധി പേരുടെ മരണത്തിന് ഇടയാക്കുന്ന കൊറോണ വെെറസുമായു ബന്ധപ്പെട്ട് ഇത്തരത്തിലൊരു വ്യാജ പ്രചാരണം നടത്തിയിട്ടും പരാതി ലഭിച്ചാല്‍ പരിശോധിക്കാമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.