കേരളത്തില്‍ ഇന്ന് ഒരാൾക്ക്കൂടി കൊറോണ സ്ഥിരീകരിച്ചു; സംസ്ഥാനമാകെ 31173 പേര്‍ നിരീക്ഷണത്തിൽ

single-img
19 March 2020

കേരളത്തില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. കാസര്‍കോട് ജില്ലയിലെ ഒരാള്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടുകൂടി കൊറോണ ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 25 ആയി. നിലവില്‍ 237 പേരാണ് ആശുപത്രിയിലുള്ളത്.

ഇന്ന് ഒറ്റദിവസം മാത്രം 64 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. സംസ്ഥാനത്താകെ 31173 പേര്‍ നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പുതിയതായി 6103 പേരാണ് നിരീക്ഷണത്തിലാക്കിയിട്ടുള്ളത്.

അതേസമയം 5155 പേരെ രോഗ ബാധയില്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിരീക്ഷത്തില്‍ നിന്ന് ഒഴിവാക്കി. ഇതുവരെ 2921 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2342 എണ്ണം രോഗബാധയില്ലെന്ന ഫലമാണ് ലഭിച്ചത്.
കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു.

പ്രധാനമായും വൈറസ് വ്യാപനം തടഞ്ഞുനിര്‍ത്താനുള്ള നിര്‍ദേശങ്ങളാണ് നല്‍കിയത്. സാധാരണ ജനജീവിതം ദുസഹമായ പോലെ സാമ്പത്തിക രംഗവും തകര്‍ന്ന നിലയിലാണ്.
ഈ സാഹചര്യത്തില്‍ നിന്ന് തിരിച്ച് കയറാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. അതിന്റെ മുന്നോടിയായി 20,000 കോടി രൂപയുടെ ഒരു സാമ്പത്തിക പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയാണെന്നും പിണറായി വിജയന്‍ അറിയിച്ചു.