‘സ്ത്രീകൾ വിവാഹശേഷം വീടുകള്‍ വിട്ടുപോകുന്നവർ’ സ്ത്രീ വിരുദ്ധമായ എന്‍പിആര്‍ നടപ്പിലാക്കരുതെന്ന ആവശ്യവുമായി മുഖ്യമന്ത്രിമാര്‍ക്ക് ആയിരം സ്ത്രീകളുടെ നിവേദനം

single-img
18 March 2020

ഡൽഹി: ദേശീയ പൗരത്വ റജിസ്റ്റർ സംബന്ധിച്ച വിവാദങ്ങൾ അടങ്ങുന്നില്ല. എന്‍പിആര്‍ സ്ത്രീവിരുദ്ധമാണെന്ന് വിശദമാക്കി രാജ്യത്തെ മുഖ്യമന്ത്രിമാര്‍ക്ക് ആയിരം സ്ത്രീകള്‍ ഒപ്പിട്ട കത്ത് കെെമാറി. 20ല്‍ അധികം സംസ്ഥാനങ്ങളില്‍ വിവിധ മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്. രാജ്യത്തെ ജനസംഖ്യയുടെ അമ്പത് ശതമാനം സ്ത്രീകളാണ്. എന്‍പിആര്‍ നടപ്പാക്കിയാൽ അത് ഏറ്റവും അധികം ബാധിക്കുക സ്ത്രീകളെയായിരിക്കുമെന്നാണ് ഇവരുടെ നിലപാട്.

സാധാരണ ഗതിയില്‍ സ്ത്രീകള്‍ക്ക് അവരുടെ പേരില്‍ സ്ഥലമോ വസ്തു വകകളോ ഉണ്ടാവാറില്ല.ഇവരില്‍ വിദ്യഭ്യാസം നേടിയവരും കുറവായിരിക്കും. മിക്കവരും വിവാഹശേഷം വീടുകള്‍ വിട്ടുപോകുന്നവരാണ്. ഇവരില്‍ ഏറിയ പങ്കിനും തങ്ങളുടെ പേരില്‍ ഒരുവിധ രേഖകളും ഉണ്ടാവാറുമില്ല. അസമില്‍ എന്‍ആര്‍സിയില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തിയതില്‍ ഭൂരിപക്ഷവും സ്ത്രീകളാണ് എന്നും കത്തില്‍ വിശദമാക്കുന്നു. ജാതിമത ഭേദമില്ലാതെ നിരവധി സ്ത്രീകളയാണ് എന്‍ആര്‍സി ബാധിക്കുന്നത്.

ആദിവാസി, ചെറുകിട കര്‍ഷകര്‍, മുസ്ലിം, ഭൂമിയില്ലാത്ത, കൂലിപ്പണിക്കാര്‍, ലൈംഗികവൃത്തി ചെയ്യുന്നവര്‍, ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ എന്നിവരോട് ഇത്തരം രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുന്നത് അനീതിയാണെന്നും കത്ത് വിശദമാക്കുന്നു. എന്‍പിആര്‍ സംബന്ധിച്ച് കേരളവും പശ്ചിമ ബംഗാളും സ്വീകരിച്ച പോലെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. ആനി രാജ. ഫറ നഖ്വി, അഞ്ജലി ഭരദ്വാജ്, വാണി സുബ്രഹ്മണ്യം, മീര സംഗമിത്ര, മറിയം ദാവ്ലേ, പൂനം കൌശിക് തുടങ്ങിയ സ്ത്രീപക്ഷ പ്രവര്‍ത്തകരടക്കമുള്ളവരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.