വധശിക്ഷ സ്റ്റേ ചെയ്യണം; ആവശ്യവുമായി നിര്‍ഭയ കേസ് പ്രതികള്‍ വീണ്ടും വിചാരണ കോടതില്‍

single-img
18 March 2020

തങ്ങളുടെ വധശിക്ഷ സ്റ്റേ ചെയ്യണം എന്ന ആവശ്യവുമായി നിര്‍ഭയ കേസ് പ്രതികള്‍ വീണ്ടും വിചാരണ കോടതിയെ സമീപിച്ചു. രാഷ്ട്രപതിക്ക് സമർപ്പിക്കപ്പെട്ട രണ്ടാമത്തെ ദയാഹർജിയിലും കോടതിയിൽ സമർപ്പിച്ച മറ്റ് അപേക്ഷകളിലും തീർപ്പാവുന്നത് വരെ വധശിക്ഷശിക്ഷ നടപ്പാക്കരുത് എന്നാവശ്യപ്പെട്ടാണ് ഇവർ കോടതിയെ സമീപിച്ചത്.

ഈ ഹർജി നാളെ വീണ്ടും പരിഗണിക്കും. കേസിൽ പറയുന്ന കുറ്റകൃത്യം നടക്കുന്ന സമയത്ത് താൻ ഡൽഹിയിൽ ഉണ്ടായിരുന്നില്ലെന്നും അതിനാല്‍ വധശിക്ഷ റദ്ദാക്കണമെന്നുമുള്ള മുകേഷ് സിംഗിന്‍റെ ഹര്‍ജി ഇന്നലെ കോടതി തള്ളിയിരുന്നു. കുറ്റവാളികൾ എന്ന് തെളിഞ്ഞ കേസിലെ നാല് പ്രതികളുടെയും വധശിക്ഷ ഈ മാസം 20ന് നടപ്പാക്കാനുള്ള മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കെയാണ് പ്രതികള്‍ വീണ്ടും ഹര്‍ജിയുമായി കോടതിയെ സമീപിക്കുന്നത്.

കഴിഞ്ഞ ദിവസം തിഹാർ ജയിലിൽ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനു മുന്നോടിയായുള്ള ഡമ്മി പരീക്ഷണം നടത്തിയിരുന്നു. ആരാച്ചാരായ പവന്‍ കുമാര്‍ എത്തിയായിരുന്നു ഡമ്മി പരീക്ഷണം നടത്തിയത്. വധശിക്ഷ നടപ്പാക്കാന്‍ ഇനി കേവലം രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ നിയമപരമായ അവസാന സാധ്യതകളും തേടുകയാണ് പ്രതികൾ.