രാഷ്ട്രീയ പ്രതിസന്ധി മറികടക്കാനാകാതെ മധ്യപ്രദേശ്; എംഎല്‍എമാരെ തട്ടിക്കൊണ്ടു പോയെന്ന് കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍

single-img
18 March 2020

ഡല്‍ഹി:മധ്യപ്രദേശില്‍ രാഷ്ട്രീയ അനിശ്ചിതത്വം മറികടക്കാനാകാതെ കോണ്‍ഗ്രസ് സര്‍ക്കാര്‍. ബിജെപി അംഗത്വം സ്വീകരിച്ച ജോതിരാദിത്യ സിന്ധ്യക്കു പിറകേ എതാനും എംഎല്‍എമാര്‍കൂടി പിന്തുണ പിന്‍വലിച്ചതോെയാണ് നിലവിലെ പ്രതിസന്ധിയുണ്ടായത്.അതിനിടെ തങ്ങളുടെ എംഎല്‍എ മാരെ തട്ടിക്കൊണ്ടു പോയതാണെന്ന് കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍ പറഞ്ഞു.

സഭയില്‍ ഭൂരിപക്ഷം തെളിയിക്കണം എന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രി കമല്‍ നാഥിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ വിശ്വാസ വോട്ട് നടത്താതെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ നിയമസഭ മാര്‍ച്ച് 26 ന് ചേരുന്നതിനായി പിരിയുകയാണെന്ന് തിങ്കളാഴ്ച സ്പീക്കര്‍ സഭയെ അറിയിക്കുകയായിരുന്നു.

ഈ സാഹചര്യത്തിലാണ് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൌഹാന്‍ സുപ്രീം കോടതിയെ സമീപിച്ചത്.ന്യൂനപക്ഷമായ സര്‍ക്കാര്‍ ഭരണഘടനാ വിരുദ്ധമായാണ് അധികാരത്തില്‍ തുടരുന്നതെന്നും ഹര്‍ജിയില്‍ ബിജെപി നേതാവ് ആരോപിക്കുന്നു.ഈ ഹര്‍ജിയില്‍ സുപ്രീംകോടതി മുഖ്യമന്ത്രി കമല്‍നാഥിനോടും സ്പീക്കറോടും വിശദീകരണം ചോദിക്കുകയും ചെയ്തു.ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയില്‍ കോണ്‍ഗ്രസ്‌ നിയമസഭാ കക്ഷി ചീഫ് വീപ്പ് ഹര്‍ജി നല്‍കിയത്.

ഈ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് തങ്ങളുടെ എംഎല്‍എ മാരെ തട്ടിക്കൊണ്ടുപോയി എന്ന് കോണ്‍ഗ്രെസ് സുപ്രീംകോടതിയെ അറിയിച്ചത്.മധ്യപ്രദേശ് ഗവര്‍ണ്ണര്‍ക്കെതിരെയും രൂക്ഷമായ പരാമര്‍ശമാണ് ഹര്‍ജിയില്‍ ഉള്ളത്.

അതിനിടെ മധ്യപ്രദേശ് കോണ്‍ഗ്രസ് എംഎല്‍എ മാര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായ ദുഷ്യന്ത് ധാവേ എംഎല്‍എ മാര്‍ വീണ്ടും വോട്ടര്‍മാര്‍ക്ക് മുന്നില്‍ പോകണമെന്നും വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ വിജയിക്കണമെന്നും പറഞ്ഞു.എന്നാല്‍ ഇതിന് മറുപടിയായി ജസ്റ്റിസ് ഹേമന്ത് ഗുപ്ത അവര്‍ അത് തന്നെയല്ലേ ഇപ്പോള്‍ ചെയ്യുന്നതെന്ന് ചോദിച്ചു.