അവധിയിലുള്ള എല്ലാ ഡോക്ടരും ജീവനക്കാരും അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണം: ആരോഗ്യമന്ത്രി

single-img
18 March 2020

ഈ സമയം അവധിയില്‍ പ്രവേശിച്ചിട്ടുള്ള സംസ്ഥാനത്തെ എല്ലാ ഡോക്ടരും ആശുപത്രി ജീവനക്കാരും അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. കൊറോണ വൈറസ് വ്യാപനത്താല്‍ ഇപ്പോള്‍ സംസ്ഥാനത്ത് നിരീക്ഷണത്തില്‍ നിരവധി ആളുകളാണ് ചികിത്സയിലുള്ളത്. അതോടൊപ്പം രോഗികളെ ചികിത്സിച്ച ഡോക്ടര്‍മാരും ഇപ്പോള്‍ നിരീക്ഷണത്തിലായ സാഹചര്യത്തിലാണ് മന്ത്രി ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

വ്യക്തമായ കാരണം കാണിക്കാതെ അവധിയില്‍ പോയിട്ടുള്ളവരും ഉടന്‍ തന്നെ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്നും സംസ്ഥാനത്തെ ആശുപത്രികളില്‍ കൂടുതല്‍ ഡോക്ടര്‍മാരെ താത്കാലികമായി നിയമിക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വൈകുന്നേരം ആറ് മണി വരെ പ്രവര്‍ത്തിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. കേരളം ഒന്നടങ്കം ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് വൈറസിനെ തടയാന്‍ നടത്തുന്നത്. ഈ സാഹചര്യത്തില്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരുടേയും കൂട്ടായ പ്രവര്‍ത്തനമാണ് ആവശ്യമെന്നും മന്ത്രി വ്യക്തമാക്കി.