സ്വകാര്യത ലംഘിക്കുന്ന നടപടി; മൊബൈല്‍ ഉപയോക്താക്കളുടെ ഫോണ്‍കാള്‍ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ശേഖരിക്കാന്‍ ശ്രമിച്ചു

single-img
18 March 2020

രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള മൊബൈല്‍ ഉപയോക്താക്കളുടെ ഫോണ്‍ കാൾ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ശേഖരിക്കാന്‍ ശ്രമം നടത്തി. കഴിഞ്ഞ ഏതാനും മാസങ്ങളിലെ ചില പ്രത്യേക ദിവസങ്ങളില്‍ ദൽഹി, ആന്ധ്രാപ്രദേശ്, ഹരിയാന, ഹിമാചല്‍പ്രദേശ്, ജമ്മു കശ്മീര്‍, ഒഡീഷ, മധ്യപ്രദേശ്, പഞ്ചാബ്, എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉപയോക്താക്കളുടെ ഫോണ്‍ വിളികളുടെ രേഖകള്‍ നൽകാനാണ് ടെലികോം ഓപ്പറേറ്റര്‍മാരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

കേന്ദ്രത്തിൽ നിന്നും ഉണ്ടായ ഈ നീക്കം പുറത്തുവന്നതിനെ തുടർന്ന് കേന്ദ്ര സർക്കാർ നടത്തിയത് ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കുന്ന നടപടിയാണെന്നും സര്‍ക്കാര്‍ രഹസ്യനീക്കം നടത്തുകയാണെന്നുമുള്ള വിമര്‍ശനങ്ങള്‍ ഉയരുകയാണ്. കേന്ദ്ര വാര്‍ത്താവിതരണ വകുപ്പിലെ ലോക്കല്‍ യൂണിറ്റുകള്‍ വഴിയാണ് ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്. ദി ഇന്ത്യന്‍ എക്സ്പ്രസ് ആണ് ഇത്തരത്തിൽ ഒരു നീക്കം നടന്ന കാര്യം റിപ്പോർട്ടുചെയ്തത്.

കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായ നീക്കത്തിന് തുടർന്ന് ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കുന്ന തരത്തില്‍ വിവരങ്ങള്‍ നല്‍‌കുന്നത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ഫെബ്രുവരി 12ന് രാജ്യത്തെ പ്രധാന ടെലികോം സേവനദാതാക്കള്‍ ഉള്‍പ്പെടുന്ന സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ(സിഒഎഐ)ടെലികോം വകുപ്പ് സെക്രട്ടറി ആന്‍ഷു പ്രകാശിന് പരാതി നല്‍കിയിരുന്നു. കേന്ദ്ര സർക്കാരിനെതിരായ സിഎഎ പ്രതിഷേധ സമരങ്ങള്‍, ഡൽഹിയിലെ തെരഞ്ഞെടുപ്പ് എന്നിവ നടന്ന ഫെബ്രുവരി രണ്ട്, മൂന്ന്, നാല് തീയതികളിലെ ഫോണ്‍വിളി രേഖകള്‍ എന്നിവയും ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.