പെട്ടെന്നൊരു ബുദ്ധി തോന്നിയപ്പോ ചെയ്തതാണ് സാറേ ‘കൊവിഡിനെ തുരത്താൻ ജ്യൂസ്’ ; കട ഉടമയെ കസ്റ്റഡിയിലെടുത്തു

single-img
18 March 2020

വർക്കല : കൊറോണ പേടിയിൽ കേരളം വിറച്ചു നിൽക്കുമ്പോൾ ലാഭക്കൊതി മൂത്ത് കച്ചവടം നടത്താനിറങ്ങിയ വിദേശി കട ഉടമക്ക് പൂട്ടിട്ട് പോലീസ്. കോവിഡ്-19 ജാഗ്രതയ്ക്കിടെ വർക്കലയിൽ ‘ആന്റി കൊറോണ ജ്യൂസ്’ വില്പനയുമായെത്തിയ വിദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പാപനാശം ഹെലിപ്പാഡിലെ ഇംഗ്ലണ്ടുകാരൻ നടത്തുന്ന കോഫി ഷോപ്പിലാണ് 150 രൂപയ്ക്ക് ആന്റി കൊറോണ വൈറസ് ജ്യൂസ് എന്ന ബോർഡ് വെച്ചത്.

ക്ലിഫിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന കോഫി ടെംപിൾ ഉടമയായ അറുപതുകാരനായ ബ്രിട്ടീഷുകാരനാണ് ബോർഡ് നാട്ടിയത്. ഇഞ്ചി, നാരങ്ങ, നെല്ലിക്ക എന്നിവ ചേർത്തു തയാറാക്കിയ ജ്യൂസിനു ആന്റി കൊറോണ പേരും നൽകി 150 രൂപ നിരക്കും എഴുതി ചേർത്തു. കൗതുകവും തെറ്റിദ്ധാരണ പരത്തുന്നതുമായ ബോർഡ് കണ്ട നാട്ടുകാർ ഇക്കാര്യം പോലീസിനെ അറിയിച്ചു. വർക്കല പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു. ആരോഗ്യസംരക്ഷണത്തിനുള്ള ജ്യൂസാണ് തയ്യാറാക്കിയതെന്ന് ഇയാൾ പോലീസിനോടു പറഞ്ഞു. എന്നാൽ, ആരും ജ്യൂസ് വാങ്ങാനെത്തിയില്ലെന്നും ബോർഡ് ഉടനെ മാറ്റിയെന്നും ഉടമ പറഞ്ഞു. കർശന താക്കീതു നൽകിയാണ് ഉടമയെ വിട്ടയച്ചത്..