പള്ളികളില്‍ ജുമുഅയും ജമാഅത്ത് നിസ്‌കാരവും നിര്‍ത്തിവെച്ചു; അവശ്യസാധനങ്ങൾക്ക് വിലകൂട്ടിയാൽ ഒരു കോടി റിയാൽ വരെ പിഴ; മുൻ കരുതലുകൾ ശക്തമാക്കി സൗദി

single-img
18 March 2020

റിയാദ്: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി മക്കയിലെയും മദീനയിലെയും ഹറമുകളൊഴിച്ചുള്ള സൗദിയിമല മറ്റ് മുഴുവന്‍ പളളികളിലും വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്‌ക്കാരവും, മറ്റ് എല്ലാ സമയങ്ങളിലെയും ജമാഅത്ത് നമസ്‌ക്കാരവും നിര്‍ത്തിവെക്കാന്‍ സൗദി ഉന്നതപണ്ഡിത സഭ വാര്‍ത്താകുറിപ്പിലുടെ അറിയിച്ചു.

കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. അതേസമയം മക്കയിലെും മദിനയിലെയും ഇരുഹറമുകള്‍ക്ക് ഈ നിയമം ബാധകമല്ല.ജമാഅത്ത് നമസ്‌കാരങ്ങള്‍ നിര്‍ത്തിവെച്ചെങ്കിലും സമയാസമയങ്ങളില്‍ പള്ളികളില്‍ ബാങ്ക് വിളിക്കണം. ബാങ്ക് വിളിച്ച ശേഷം പള്ളികള്‍ അടച്ചിടണം. വീടുകളില്‍ വെച്ച് നിസ്‌കരിക്കൂ എന്ന പ്രത്യേക അറിയിപ്പുമുണ്ടാകും.

അതേ സമയം അവശ്യസാധനങ്ങൾ പൂഴ്ത്തി വെക്കുകയോ വില അനാവശ്യമായി കൂട്ടി വിൽക്കുകയോ ചെയ്താൽ ഒരു കോടി റിയാൽ വരെ പിഴ ശിക്ഷ ചുമത്തുമെന്ന് സൗദി പബ്ലിക് പ്രോസിക്യുഷൻ. അസാധാരണമായ സന്ദർഭങ്ങളിൽ ഏറ്റവും അത്യാവശ്യമായ സാധനങ്ങളും സേവനങ്ങളും യഥേഷ്ടം ലഭ്യമാക്കാതെ പൂഴ്ത്തിവെക്കുകയോ വില കൂട്ടുകയോ ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടാൽ ഉത്തരവാദികൾക്കെതിരെ കടുത്ത നടപടി തന്നെയുണ്ടാകുമെന്നും പബ്ലിക് പ്രോസിക്യൂഷനെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.