ലോകരാജ്യങ്ങളെ പിടിച്ചുലച്ച് കൊവിഡ് 19; മരണസംഖ്യ എണ്ണായിരത്തിലേക്ക്, കഴിഞ്ഞ 24 മണിക്കൂറില്‍ 803 മരണം

single-img
18 March 2020

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എണ്ണായിരത്തിലേക്ക് അടുക്കുന്നു. 803 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഇതുവരെ ലഭ്യമായ കണക്കുകളനുസരിച്ച് മരണ സംഖ്യ 7965 ആയി. 1,98,178 പേര്‍ വിവിധ രാജ്യങ്ങളില്‍ ചികിത്സയിലുണ്ട്. 81,728 ചികിത്സയിലൂടെ രോഗം ഭേദമായതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ് , ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ വൈറസ് നിയന്ത്രണാതീതമായി പടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറ്റലിയില്‍ 345 പേരാണ് കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ഇറ്റലിയില്‍ മരണസംഖ്യ 2503 ആയി. കൊവിഡ് മരണം കുതിച്ചുയരുന്ന യൂറോപ്പില്‍ സമ്പൂര്‍ണ പ്രവേശന വിലക്ക് നിലവില്‍ വന്നു. യൂറോപ്യന്‍ യൂണിയന്‍ സമ്പൂര്‍ണ വിലക്ക് പ്രഖ്യാപിച്ചതോടെ ഇനി ഒരു യൂറോപ്യന്‍ രാജ്യത്തേക്കും യാത്ര സാധ്യമാകില്ല.

അതേസമയം ചൈനയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതായാണ് റിപ്പോര്‍ട്ടുകള്‍. ചൈനയില്‍ ഇന്നലെ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. ഗള്‍ഫ് രാജ്യങ്ങളിലുടെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം കൂടുകയാണ്. ഇന്നലെ മാത്രം ആറ് ഗള്‍ഫ് രാജ്യങ്ങളിലുമായി 74 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിതരുടെ എണ്ണം 1185 ആയി. യുഎഇയില്‍ വിസാ വിലക്ക് കൂടുതല്‍ കര്‍ക്കശമാക്കി. ബഹ്റൈനില്‍ യാത്രാനിയന്ത്രണം ഇന്ന് പ്രാബല്യത്തില്‍ വരും.സൗദിയില്‍ 38, യുഎഇയില്‍ 15, ഒമാനില്‍ 9, കുവൈത്തില്‍ 7, ഖത്തറില്‍ മൂന്ന്, ബഹ്റൈനില്‍ രണ്ട് എന്നിങ്ങനെയാണ് പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.

അതേ സമയം ഇന്ത്യയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. രാജ്യത്ത് 137 പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 14 പേരുടെ രോഗം ഭേദമായതായാണ് റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം പേരെ വൈറസ് ബാധിച്ചത്. സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം 40 കടന്നു. കേരളത്തില്‍ ഇതുവരെ 24 പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മരണങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.