അങ്കണവാടി കുട്ടികൾക്ക് ഭക്ഷണം വീടുകളിൽ എത്തിക്കും; കൊറോണ കാലത്തെ കേരളത്തിന്റെ നടപടികള്‍ക്ക് സുപ്രീം കോടതിയുടെ പ്രശംസ

single-img
18 March 2020

കൊറോണയെ ഒറ്റക്കെട്ടായി പ്രതിരോധിക്കുന്ന കേരളത്തിന്റെ മാതൃകയ്ക്ക് വീണ്ടും സുപ്രീംകോടതിയുടെ പ്രശംസ. കൊറോണ ഭീതിയില്‍ വിദ്യാലയങ്ങള്‍ അടച്ചപ്പോള്‍ കേരളത്തിൽ അങ്കണവാടിയില്‍ പോകുന്ന കുട്ടികൾക്ക് ഭക്ഷണം വീടുകളിൽ എത്തിച്ചു നൽകുകയാണ്. ഈ കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും എന്ത് ചെയ്യുകയാണ് എന്നത് അറിയണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. സുപ്രീം കോടതി
ചീഫ് ജസ്റ്റിസ് അധ്യക്ഷൻ ആയ ബെഞ്ചാണ് കേരളത്തിന്റെ നടപടികളെ പുകഴ്ത്തിയത്.

നേരത്തെ സ്‌കൂൾ കുട്ടികൾക്ക് ഉച്ച ഭക്ഷണം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വമേധയാ കേസ് എടുക്കുകയും സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഇത് ആദ്യമായല്ല സുപ്രീം കോടതി കൊവിഡ് 19 പ്രതിരോധത്തിന്റെ കേരള മോഡലിന് പ്രശംസ നല്‍കുന്നത്. ഇതിന് മുന്‍പ് കേരളത്തിലെ ജയിലുകളിൽ രോഗത്തെ പ്രതിരോധിക്കാന്‍ നടത്തിയ ക്രമീകരണങ്ങളെയും കോടതി പ്രശംസിച്ചിരുന്നു.

രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ ജയിലുകളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച സുപ്രീംകോടതി ആ വിഷയത്തില്‍ സ്വമേധയാ കേസെടുത്തിരുന്നു പിന്നാലെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ക്കയച്ച നോട്ടീസിലാണ് കേരളത്തിന്‍റെ പ്രവര്‍ത്തനങ്ങളെ പ്രശംസിചിരുന്നത്. കേരളത്തില്‍ ആദ്യം തന്നെ ജയിലുകളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ആരംഭിച്ചതായും രോഗ ലക്ഷണങ്ങളുള്ളവരെ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചതായും നോട്ടീസില്‍ സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ജയിലുകളിലേക്ക് പുതിയതായി പ്രവേശിപ്പിക്കുന്ന തടവുകാര്‍ ആദ്യം നിരീക്ഷണത്തില്‍ ആയിരിക്കും. എന്തുകൊണ്ടാണ് ഇതുപോലുള്ള നടപടികള്‍ മറ്റ് സംസ്ഥാനങ്ങള്‍ സ്വീകരിക്കാതിരുന്നത് എന്നും കോടതി ചോദിച്ചു.