കൊറോണ വൈറസ് ബാധിതരില്‍ പുതിയ മരുന്ന് പരീക്ഷിച്ച് ചൈന; വിജയമെന്ന് അവകാശവാദം

single-img
18 March 2020

ജപ്പാനിലെ ഫ്യൂജിഫിലിം നിര്‍മ്മിക്കുന്ന പകര്‍ച്ചപ്പനിയുടെ മരുന്ന് കൊറോണയെ നേരിടാന്‍ ഫലപ്രദമാണെന്ന അവകാശവാദവുമായി ചൈന. ചൈനീസ് ശാസ്ത്ര സങ്കേതിക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ ഷാങ് സിന്‍മിന്‍ എന്ന ഉദ്യോഗസ്ഥാനാണ് ഈ വിവരം അറിയിച്ചത്. ആന്‍റിവൈറല്‍ അംശമുള്ള ഫാവിപിരാവിര്‍ എന്ന മരുന്നാണ് ചൈന ഉപയോഗിക്കുന്നത്.

കൊറോണ ആദ്യം പടർന്നുപിടിച്ച ചൈനയിലെ വുഹാന്‍, ഷെന്‍സെന്‍ എന്നിവിടങ്ങളില്‍ 340 രോഗികളില്‍ ഈ മരുന്ന് പരീക്ഷിച്ച ശേഷമാണ് ഇപ്പോൾ ഇത് വിജയമെന്ന് ചൈന അവകാശപ്പെടുന്നത്. ആര്‍എന്‍എ എന്നറിയപ്പെടുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന നിരവധി വൈറസുകള്‍ക്കെതിരെ ഈ മരുന്ന് ഇതിന് മുന്‍പ് ഉപയോഗിച്ചിട്ടുണ്ട്.

2014 കാലഘട്ടത്തിൽ പശ്ചിമ ആഫ്രിക്കയില്‍ എബോള വൈറസ് പടർന്നപ്പോഴും ഈ മരുന്ന് ഉപയോഗിച്ചിരുന്നു. ആ സമയം രോഗ ബാധിതരുടെ മരണനിരക്ക് കുറയാന്‍ മരുന്ന് സഹായിച്ചുവെന്നാണ് വിലയിരുത്തല്‍. നിലവിൽ നടത്തിയ പരീക്ഷണങ്ങളിൽ ഈ മരുന്നിന് കൊറോണ വൈറസ് രോഗികളില്‍ കാര്യമായ പുരോഗതിയുണ്ടാക്കാന്‍ സഹായിച്ചിട്ടുണ്ടെന്നാണ് ഷാങ് സിന്‍മിന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. അതേസമയം മരുന്ന് നിര്‍മാതാക്കളായ ഫ്യൂജിഫിലിം ഈ അവകാശവാദത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ചെറിയ ലക്ഷണങ്ങളോടെ കൊറോണ ബാധയുമായി എത്തുന്നവരില്‍ ഈ മരുന്ന് തന്നെയാണ് ചൈന ഇപ്പോഴും പ്രയോഗിക്കുന്നതെന്നാണ് വിവരം. അതിലൂടെ വൈറസിന്റെ മനുഷ്യ ശരീരത്തിലെ വ്യാപനത്തില്‍ കാര്യമായ രീതിയില്‍ കുറവ് ഉണ്ടാകുമെന്നാണ് നിരീക്ഷണം. പക്ഷെ ഗുരുതര ലക്ഷണങ്ങളുമായി എത്തുന്ന കൊറോണ രോഗികളിൽ ഈ മരുന്ന് അത്രകണ്ട് പ്രാവര്‍ത്തികമല്ലെന്നാണ് ജപ്പാന്‍ ആരോഗ്യ മന്ത്രാലയം പറയുന്നത്.