പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകളും; നാവികസേനയില്‍ വനിതാ ഉദ്യോഗസ്ഥരെ സ്ഥിരം കമ്മീഷന്‍ പദവിയിലേക്ക് നിയമിക്കാമെന്ന് സുപ്രീം കോടതി

single-img
17 March 2020

ഡൽഹി : നാവിക സേനയില്‍ വനിതകള്‍ക്ക് തുല്യ അവകാശം ഉറപ്പാക്കണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവ്. പുരുഷ ഉദ്യോഗസ്ഥരെ പോലെ സ്ത്രീകൾക്കും തുല്യത ഉറപ്പുവരുത്തണം. കരസേനയിലും നാവിക സേനയിലും സ്ത്രീകൾക്ക് സ്ഥിരം കമ്മീഷൻ ഉറപ്പാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്.രാജ്യത്തെ സേവിച്ച വനിതകള്‍ക്ക് സ്ഥിരം കമ്മീഷന്‍ പദവിയില്‍ നിയമനം നല്‍കാത്തത് നീതി നിഷേധം ആണെന്ന് കോടതി ചൂണ്ടിക്കാട്ടി. പുരുഷന് തുഴയാന്‍ കഴിയുന്നതുപോലെ സ്ത്രീയ്ക്കും കഴിയുമെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

Support Evartha to Save Independent journalism

കരസേനയില്‍ സ്ത്രീകള്‍ക്ക് സ്ഥിരം കമ്മീഷന്‍ അനുവദിക്കണമെന്ന വിധിക്ക് പിന്നാലെയാണ് നാവികസേനയിലും തുല്യത ഉറപ്പുവരുത്തിയുള്ള സുപ്രീംകോടതിയുടെ വിധി. നിലവില്‍ ഷോര്‍ട്ട് സര്‍വ്വീസ് കമ്മീഷന്‍ അനുസരിച്ചാണ് സ്ത്രീകള്‍നാവികസേനയില്‍ തുടരുന്നത്. ഇതനുസരിച്ച് സ്ത്രീകള്‍ക്ക് നാവികസേനയില്‍ തുടരാനുള്ള പരമാവധി കാലാവധി 14 വര്‍ഷമാണ്. പുതിയ ഉത്തരവ് നിലവില്‍ വരുന്നതോടെ ഈ സ്ഥിതി മാറും. പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകള്‍ക്കും അവരുടെ റിട്ടയര്‍മെന്‍റ് കാലാവധി വരെ സര്‍വ്വീസില്‍ തുടരാനാകും.

നാവിക സേനയില്‍ വനിതകളെ സ്ഥിരം കമ്മീഷന്‍ പദവിയിലേക്ക് നിയമിക്കുന്നതിനുള്ള വിലക്ക് 2008-ല്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കിയിരുന്നു. എന്നാല്‍ സേനയില്‍ സേവനം അനുഷ്ഠിച്ചുവരികയായിരുന്നവര്‍ക്ക് ഈ വിലക്ക് തുടര്‍ന്നു. രാജ്യത്തിന് വേണ്ടി സേവനം അനുഷ്ഠിക്കുന്നവരോടുള്ള നീതിനിഷേധമാണ് ഈ വിലക്കെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.സ്ഥിരം കമ്മീഷന്‍ പദവിയിലേക്കുള്ള വിലക്ക് കേന്ദ്ര സര്‍ക്കാര്‍ നീക്കിയതിനാല്‍ പുരുഷന്മാര്‍ക്കുള്ള എല്ലാ അധികാരവും വനിതകള്‍ക്കും നല്‍കണം എന്ന് കോടതി നിര്‍ദേശിച്ചു. ലിംഗ വിവേചനം പാടില്ല എന്നും കോടതി വ്യക്തമാക്കി.