13 പോരാളികളെ `ശത്രുസെെന്യം´ പിടികൂടി; ക്യാപ്റ്റൻ രഹസ്യ സങ്കേതത്തിൽ: മാനസിക സമ്മർദ്ദം താങ്ങാനാകാതെ `രജിത് ആർമിയി´ലെ പോരാളികൾ രാജിവയ്ക്കുന്നു

single-img
17 March 2020

കൊറോണക്കാലത്ത് സർക്കാരിനെ വെല്ലുവിളിച്ചുകൊണ്ട് ബിഗ് ബോസ് മത്സരാർഥി രജിത് കുമാറിന് നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വീകരണമൊരുക്കിയ രജിത് ആർമിയിലെ 13 പോരാളികൾ പോലീസ് പിടിയിലായി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രജിത് കുമാറിന് സ്വീകരണം നൽകുവാനെത്തിയ എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്. സംഭവത്തിൽ 79 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 

പ്രതികളിൽ അൻപതോളം പേരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. അതേ സമയം രജിത്ത് കുമാര്‍ ഒളിവില്‍ തന്നെയാണെന്നാണ് പൊലീസ് നൽകുന്ന സൂചന. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് രജിതിനെ സ്വീകരിക്കാന്‍ വരികയും മുദ്രാവാക്യം വിളിക്കുകയും ചെയ്‌ത മുഴുവന്‍ ആളുകളേയും തിരിച്ചറിയാനുള്ള ശ്രമം പൊലീസ് തുടരുകയാണെന്നു, വൈകാതെ തന്നെ എല്ലാവരും പൊലീസ് പിടിയിലാകുമെന്നും അധികൃതർ അറിയിച്ചു. 

കൊറോണ മുൻകരുതൽലുകൾ ലംഘിച്ചുകൊണ്ട് പരിപാടിക്ക് എത്തിയ എല്ലാ ജനങ്ങളെയും അറസ്റ്റ് ചെയ്യാനാണ് പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. നാടിനാകെ അപമാനം സൃഷ്ടിച്ച ഈ സംഭവം അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും സുനില്‍ കുമാര്‍ വ്യ ക്തമാക്കി. വിമാനത്താവളത്തിനകത്ത് വച്ച് ജീവനക്കാര്‍ രജിത് കുമാറിനൊപ്പം സെല്‍ഫി എടുത്തതടക്കം സിയാലിന്‍റെ ഭാഗത്ത് എന്തെങ്കിലും വീഴ്‌ച വന്നോ എന്ന് പരിശോധിക്കാന്‍ അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

ഇതിനിടെ രജിത് കുമാറിൻ്റെ ഫാൻ ഗ്രൂപ്പായ രജിത് ആർമിയിൽ നിന്നും അംഗങ്ങൾ പുറത്തു പോകുന്നതാണ് റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. ഫാൻ ഗ്രൂപ്പിൽ വന്ന് ആഹ്വാനപ്രകാരമാണ് രജിത് കുമാറിന് നെടുമ്പാശ്ശേരിയിൽ സ്വീകരണം നൽകുവാൻ ഏവരും എത്തിയത്. എത്തിയവർക്കെതിരെ പൊലീസ് കേസെടുത്ത സാഹചര്യത്തിലാണ് ഗ്രൂപ്പിലെ അംഗങ്ങളുടെ കൂട്ടരാജി. ഇതിനിടെ സ്വീകരണത്തിന് ചുക്കാൻ പിടിച്ചു എന്ന് കരുതുന്ന ഷിയാസ് കരീം ഫേസ്ബുക്ക് ലൈവിലൂടെ രംഗത്തെത്തിയിരുന്നു. താൻ ഇതിലൊന്നും ഉൾപ്പെട്ടിട്ടില്ലെന്നും തന്നെ കാണുവാൻ വേണ്ടി രജിത് കുമാർ വിളിച്ചുവരുത്തുകയായിരുന്നു എന്നുമാണ് ഷിയാസ് പറഞ്ഞത്.