അമ്മയുടെ മർദ്ദനത്തിൽ നിന്നും രക്ഷപ്പെട്ട് നിലവിളിച്ചു കൊണ്ട് റോഡിലൂടെ ഓടിയ പെൺകുട്ടിക്ക് നാട്ടുകാരും പൊലീസും തുണയായി

single-img
17 March 2020

ദേശീയപാതയിലൂടെ അമ്മയുടെ മർദ്ദനം ഭയന്ന് കരഞ്ഞുകൊണ്ടോടിയ ഇതര സംസ്ഥാനക്കാരിയായ ഏഴു വയസുകാരിക്ക് നാട്ടുകാരും പൊലീസും തുണയായി. പെൺകുട്ടിയുടെ നിലവിളികേട്ട്  നാട്ടുകാർ തടഞ്ഞു നിറുത്തി പൊലീസ് സുരക്ഷയിലേക്കു മാറ്റഒകയായിരുന്നു. ആന്ധ്ര സ്വദേശിനിയും വർഷങ്ങളായി ആലപ്പുഴ മെഡിക്കൽ കോളേജിന് കിഴക്ക് ഭാഗത്തെ ലോഡ്ജിൽ താമസക്കാരിയുമായ പക്രുനിസയുടെ മകളാണ് മാതാവിൻ്റെ മർദ്ദനത്തിൽ നിന്നും രക്ഷപ്പെടാൻ ഇറങ്ങിയോടിയത്. 

കുട്ടിയെ കുറവന്തോട് ഭാഗത്തുവച്ചാണ് കുട്ടിയെ നാട്ടുകാർ കാണുന്നത്. കരഞ്ഞുകൊണ്ട് ഓടിവന്ന കുട്ടിയുടെ പിന്നാലെ അമ്മയും ഉണ്ടായിരുന്നു. അമ്മയും അച്ഛനും തന്നെ ക്രൂരമായി മർദ്ദിച്ചെന്ന് കുട്ടി നാട്ടുകാരോട് വ്യക്തമാക്കി. രണ്ടു മാസം മുമ്പാണ് തന്നെയും അഞ്ചു വയസുള്ള അനുജത്തിയേയും ആന്ധ്രയിൽ നിന്നു കൊണ്ടുവന്നതെന്നും കുട്ടി പറഞ്ഞു.

സംഭവം ഗുരുതരമാണെന്നു മനസ്സിലാക്കിയ നാട്ടുകാർ പുന്നപ്ര പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് എസ്.ഐ അബ്ദുൽ റഹീമിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കുട്ടിയെയും അമ്മയെയും സ്റ്റേഷനിൽ എത്തിച്ചു. വിവരം ജില്ലാ ശിശു സംരക്ഷണ സമിതി ഓഫീസർ മിനിയെ അറിയിച്ചതിനെ തുടർന്ന് ഇവരുടെ നിർദ്ദേശ പ്രകാരം ജില്ലാ റസ്‌ക്യൂ ഓഫീസർ ഇൻ ചാർജ് ജഗജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പൊലീസ് സ്റ്റേഷനിൽ എത്തി കുട്ടിയെ ഏറ്റെടുത്തു.

പക്രുനിസയുടെ  മക്കൾ ആന്ധ്രയിൽ ബന്ധുക്കൾക്കൊപ്പമായിരുന്നു. രണ്ടു മാസം മുമ്പാണ് ആന്ധ്രയിൽ എത്തി മക്കളെ കൂട്ടിക്കൊണ്ടുവന്നത്. കുട്ടിയുടെ ദേഹത്ത് പൊള്ളലേറ്റ പാടുണ്ടെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതേപ്പറ്റി അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.