വി.മുരളീധരൻ കൊറോണ നിരീക്ഷണത്തിൽ: പൊതു പരിപാടികൾ ഒഴിവാക്കി

single-img
17 March 2020

കേന്ദ്രമന്ത്രി വി.മുരളീധരൻ കൊറോണ നിരീക്ഷണത്തിൽ. ശ്രീചിത്ര ആശുപത്രി സന്ദർശിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന് നിരീക്ഷണം ഏർപ്പെടുത്തിയത്. അദ്ദേഹത്തിൻ്റെ പൊതുപരിപാടികൾ ഒഴിവാക്കിയിട്ടുണ്ട്. 

Support Evartha to Save Independent journalism

കഴിഞ്ഞ ദിവസം ശ്രീചിത്രയിൽ നടന്ന യോഗത്തിൽ കേന്ദ്രമന്ത്രി വി മുരളീധരൻ പങ്കെടുത്തിരുന്നു. ഡോക്ടർക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആശുപത്രി അധികൃതരിൽ നിന്ന് മുരളീധരൻ വിശദീകരണം തേടി. യോഗത്തിൽ പങ്കെടുക്കുന്നതിന് മുമ്പായി ഏതെങ്കിലും തരത്തിൽ മുൻകരുതൽ എടുക്കേണ്ടതുണ്ടോയെന്ന് മുരളീധരന്റെ ഓഫീസ് ആശുപത്രി അധികൃതരോട് ചോദിച്ചിരുന്നു. എന്നാൽ ഒന്നും വേണ്ടെന്നായിരുന്നു ലഭിച്ച മറുപടി. ഇതേ തുടർന്നാണ് മന്ത്രി യോഗത്തിൽ പങ്കെടുത്തത്.

രോഗം സ്ഥിരീകരിച്ച ഡോക്ടർക്കൊപ്പം ജോലി ചെയ്തിരുന്ന ഡോക്ടർമാർ മുരളീധരൻ പങ്കെടുത്ത യോഗത്തിൽ സംബന്ധിച്ചിരുന്നു എന്നാണ് സംശയം. ഇതേ തുടർന്നാണ് മന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയിരിക്കുന്നത്. രോഗബാധിതനായ ഡോക്ടർ ആശുപത്രിയിലുണ്ടെന്ന വിവരം മറച്ചുവെച്ചെന്നാണ് മന്ത്രിയുടെ ഓഫീസ് വിലയിരുത്തുന്നത്.

വിദേശത്ത് നിന്ന് തിരിച്ചെത്തിയ ഡോക്ടർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിന് ശേഷം മൂന്ന് ദിവസം ശ്രീചിത്ര ആശുപത്രിയിൽ ഇദ്ദേഹം ജോലി ചെയ്തിരുന്നു. ഇതേ തുടർന്നാണ് മുപ്പതോളം ഡോക്ടർമാരെയും ആശുപത്രി ജീവനക്കാരെയും നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.