പരാജയപ്പെട്ടവരെയൊക്കെ എന്തിനാണ് സ്വീകരണം നല്‍കി ആനയിക്കുന്നത്?; രജിത് കുമാറിന് നൽകിയ സ്വീകരണത്തിനെതിരെ ആരോഗ്യമന്ത്രി

single-img
17 March 2020

റിയാലിറ്റി ഷോയില്‍ പരാജയപ്പെട്ട ആളുകളെയൊക്കെ എന്തിനാണ് സ്വീകരണം നല്‍കി ആനയിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ഏഷ്യാനെറ്റ് ചാനലിലെ റിയാലിറ്റി ഷോയായ ബിഗ് ബോസില്‍ നിന്ന് പുറത്തായ രജിത് കുമാറിന് ആരാധകർ കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.

‘ഇത്ര ലാഘവത്തിലാണോ കേരളീയ സമൂഹം കാര്യങ്ങളെ കാണുന്നത്. ഒരു ബിഗ് ബോസ് ഷോയില്‍ പങ്കെടുത്ത് വിജയിക്കുകയോ തോല്‍ക്കുകയോ ചെയ്ത ഒരാള്‍ക്ക് എന്തിനാണ് ഇത്രയും വലിയ സ്വീകരണം കൊടുക്കുന്നത് എന്ന് എനിക്കറിയില്ല. നമ്മുടെ നാടിനായി എന്തെങ്കിലും അഭിമാനകരമായ ഒരുകാര്യം ചെയ്ത് വരുന്ന ഒരാളാണെങ്കില്‍ ഓകെ’, മന്ത്രി പറഞ്ഞു.

ചാനലുകൾക്ക് പ്രോഗ്രാമൊക്കെ നടത്താം, അതിനുള്ളിൽ ആളുകള്‍ക്ക് എന്റര്‍ടെയിന്‍മെന്റ് എന്ന നിലയ്ക്കും ആകാം. അതിനും അപ്പുറം അത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും മന്ത്രി ചോദിച്ചു. പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത സമയം ആണെങ്കിൽ ആ സമയത്ത് അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് അവിടെ പോകാന്‍ അവകാശമുണ്ട്. എന്നാൽ ഇവിടെ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന സമയത്താകരുതെന്നും മന്ത്രി പറഞ്ഞു.

അതേസമയം സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദ്ദേശങ്ങൾ മറികടന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കിയ സംഭവത്തില്‍ രജിത് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആറ്റിങ്ങലിലുള്ള വീട്ടില്‍ നിന്നാണ് രജിത് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.