മാർഗ നിർദ്ദേശങ്ങൾ ലംഘിച്ച് വീണ്ടും കേരള ഗവർണർ; സന്ദര്‍ശിച്ചത് തിരുവനന്തപുരം ലോ കോളേജ്

single-img
17 March 2020

പൊൻമുടി യാത്ര വിവാദമായ പിന്നാലെ സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും മാർഗ നിർദ്ദേശങ്ങൾ ലംഘിച്ച് വീണ്ടും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരം ലോ കോളേജ് സന്ദർശിച്ചു.

കോളേജിൽ നടക്കുന്ന പരീക്ഷയുടെ അവസാന ദിവസം നടത്തിയ ഈ സന്ദർശനം കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനാണെന്നാണ് ഔദ്യോഗിക വിശദീകരണം. വിദ്യാർത്ഥികളുടെ മൂന്നാം വർഷഎൽഎൽബി മൂന്നാം സെമസ്റ്ററിലെ അവസാന പരീക്ഷ ദിവസമായിരുന്നു ഇന്ന്.

സന്ദര്‍ശനത്തില്‍ ഏകദേശം മുപ്പതിനടുത്ത് കുട്ടികളുമായാണ് ഹാൻഡ് സാനിറ്റൈസറും, മുഖാവരണവും ഉള്‍പ്പെടെ ഒരു സുരക്ഷാ മുൻകരുതലുമില്ലാതെ ഗവർണറും സംഘവും സംസാരിച്ചത്. കൊറോണയുടെ മുന്‍കരുതലില്‍ പരീക്ഷകൾ മാറ്റിവയ്ക്കണ്ടതില്ലെന്ന നിലപാട് അറിയിച്ച ശേഷമാണ് ഗവർണർ ലോ കോളേജിൽ നിന്ന് മടങ്ങിയത്.
അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ പൊൻമുടി യാത്രാ വിവാദത്തില്‍ സർക്കാരിന്റെ നിയന്ത്രണങ്ങൾ താൻ ലംഘിച്ചില്ലെന്നായിരുന്നു ഗവർണർ പറഞ്ഞത്.