അവസാന കോട്ടയും വീണോ? : ഗൊഗോയിയുടെ രാജ്യസഭ പ്രവേശനത്തില്‍ ആശങ്കയറിയിച്ച് മദന്‍ ബി ലോകൂര്‍

single-img
17 March 2020

മുന്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തതിനു പിന്നാലെ വിമര്‍ശനവുമായി മുന്‍സഹപ്രവര്‍ത്തകന്‍ കൂടിയായ റിട്ട.ജസ്റ്റീസ് മദന്‍ ബി.ലോകൂര്‍ രംഗത്ത്.  രഞ്ജന്‍ ഗോഗോയ്ക്ക് ആദരസൂചകമായി എന്തുകിട്ടും എന്നതില്‍ സംശയമുണ്ടായിരുന്നുവെന്നും അതുകൊണ്ടുതന്നെ ഈ നോമിനേഷന്‍ അതിശയിപ്പിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത്രപെട്ടെന്ന് അത് വന്നത് അതിശയിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

നീതിന്യായവ്യവസ്ഥയുടെ നിഷ്പക്ഷതയും സ്വാതന്ത്ര്യവും സത്യസന്ധതയും പുനഃവ്യാഖ്യാനം ചെയ്യുന്നതാണത്. അവസാന കോട്ടയും വീണോയെന്നും ജസ്റ്റീസ് ലോകൂര്‍ ചോദിച്ചു.  ‘ദി ഇന്ത്യന്‍ എക്‌സ്പ്രസിനു’ നല്‍കിയ അഭിമുഖത്തിലാണ് ജസ്റ്റീസ് ലോകൂർ വിമര്‍ശനം നടത്തിയിരിക്കുന്നത്. 

സുപ്രീം കോടതിയിലെ കേസുകളുടെ പങ്കുവയ്ക്കല്‍ സംബന്ധിച്ച് 2018 ജനുവരിയില്‍ അന്നത്തെ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്‌ക്കെതിരെ പരസ്യമായി പ്രതിഷേധിച്ച് രംഗത്തുവന്ന ഏറ്റവും മുതിര്‍ന്ന ജഡ്ജിമാരായിരുന്നു രഞ്ജന്‍ ഗൊഗോയും മദന്‍ ബി.ലോകൂറും ജെ. ചെലമേശ്വറും കുര്യന്‍ ജോസഫും. അടുത്ത ചീഫ് ജസ്റ്റീസ് പട്ടികയില്‍ ഒന്നാമനായ ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് മറ്റുള്ളവര്‍ക്കൊപ്പം പ്രതിഷേധിച്ചത് വലിയ അമ്പരപ്പ് സൃഷ്ടിച്ചിരുന്നു. അതിനു രണ്ടു മാസം മുന്‍പ് ഇവര്‍ ചീഫ് ജസ്റ്റീസിനു നല്‍കിയിരുന്ന കത്ത് പുറത്തുവിടുകയും ചെയ്തിരുന്നു.

 ചീഫ് ജസ്റ്റീസിന്റെ ഓഫീസും സര്‍ക്കാരും തമ്മിലുള്ള ഇടപാടുകള്‍ ചോദ്യം ചെയ്തുകൊണ്ടുള്ളതായിരുന്നു അന്നത്തെ പത്രസമ്മേളനവും.രഞ്ജന്‍ ഗൊഗോയുടെ നോമിനേഷനെ കുറിച്ച് പ്രതികരിക്കാന്‍ ജസ്റ്റീസുമാരായ ചെലമേശ്വരും കുര്യന്‍ ജോസഫും തയ്യാറായില്ല. എന്നാല്‍ വിരമിച്ച ശേഷം സര്‍ക്കാരില്‍ നിന്നുള്ള ഒരു പദവിയും തങ്ങള്‍ സ്വീകരിക്കില്ലെന്നും ഇവരുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു.