ഒളിമ്പിക്സിന്റെ ഭാവി അനിശ്ചിതത്വത്തിൽ; അന്താരാഷ്ട്ര ഒളിമ്പിക്സ് സമിതി ഉപാധ്യക്ഷന് കോവിഡ്

single-img
17 March 2020

ഒളിമ്പിക്സിന്‍റെ ഭാവി അനിശ്ചിതത്വത്തിലാക്കി അന്താരാഷ്ട്ര ഒളിമ്പിക്സ് സമിതി ഉപാധ്യക്ഷന്‍ കൊസോ തഷിമയ്ക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചു. ജപ്പാന്‍ ഫുട്ബോള്‍ അസോസിയേഷന്റെ പ്രസിഡന്‍റ് കൂടിയായ തഷിമ തന്നെയാണ് രോഗ വിവരം പുറത്തുവിട്ടത്.

കഴിഞ്ഞ ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് രണ്ടാം വാരം വരെ താന്‍ ഔദ്യോഗിക യാത്രയിലായിരുന്നു എന്നും
ഈ യാത്രയില്‍ താന്‍ യൂറോപ്പും അമേരിക്കയും സന്ദര്‍ശിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചതോടെ ഫലത്തിൽ ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിമ്പിക്സ് നടത്തിപ്പ് തന്നെയാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഇപ്പോൾ തന്നെ കൊറോണ മുൻകരുതൽ എന്ന രീതിയിൽ ഒളിമ്പിക്‌സ് യോഗ്യത മത്സരങ്ങളും തടസ്സപ്പെട്ടിരിക്കുകയാണ്.

അതേസമയം കൃത്യമായ സമയത്ത് കാണികളുടെ സാന്നിധ്യത്തിൽ സമ്പൂര്‍ണ രീതിയില്‍ ഒളിമ്പിക്സ് നടത്താനാണ് പദ്ധതിയെന്ന് ജപ്പാന്‍ ഒളിമ്പിക്‌സ് മന്ത്രി സീക്കോ ഹാഷിമോട്ടോ പറയുന്നു. ജപ്പാനിൽ ഒളിമ്പിക്‌സ് ദീപശിഖ റിലേ പ്രയാണം മാര്‍ച്ച് 26-നാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി ഗ്രീസിലെ ഒളിമ്പിയയില്‍ ദീപശിഖ തെളിയിച്ചത് കാണികളുടെ സാന്നിധ്യമില്ലാതെയാണ്.