കൊവിഡ് 19 -നെതിരായ പോരാട്ടത്തിൽ ഇനി വരുന്ന 15 നാളുകൾ ഇന്ത്യക്ക് ഏറെ നിർണ്ണായകം

single-img
17 March 2020

ഇന്ത്യ സൂക്ഷിക്കേണ്ടത് ഇനി വരുന്ന 15 ദിനരാത്രങ്ങളാണ്. കൊവിഡ് 19 -നെതിരായ പോരാട്ടത്തിൽ ഏറെ നിർണ്ണായകമായ 15 നാളുകൾ. കൊവിഡ് 19 -നെതിരായ പോരാട്ടങ്ങളുടെ രണ്ടാം ഘട്ടത്തിലാണ് ഇന്ത്യ ഇപ്പോഴുള്ളത്. അന്താരാഷ്ട്ര വിമാനയാത്രകളിൽ ഏർപ്പെട്ടിട്ടുള്ളവരെയോ, അവരുമായി നേരിട്ടുള്ള സമ്പർക്കത്തിൽ വന്നിട്ടുള്ളരെയോ മാത്രമേ വൈറസ് ബാധിക്കൂ എന്നതാണ് ഈ ഘട്ടത്തിന്റെ പ്രത്യേകത. ഇനി വരാനുള്ളത് സ്റ്റേജ് III ആണ്. മൂന്നാം ഘട്ടം. ചൈനയും ഇറ്റലിയുമൊക്കെ കടന്നുപോയ ഘട്ടം. അവിടെ അസുഖത്തിന്റെ പകർച്ചയ്ക്കുള്ള സാദ്ധ്യതകൾ ഇരട്ടിക്കും.അതു കൊണ്ട് തന്നെ ഏറെ കരുതലോടും സൂക്ഷ്മതയോടും കൂടെ നേരിടേണ്ട ഘട്ടങ്ങളാണ് ഇനി വരാൻ പോകുന്നത്.

കൊറോണാവൈറസിന്റെ ചങ്ങല തകർക്കാൻ(Break The Chain) നമുക്കായാൽ മാത്രമേ അസുഖബാധിതരുടെ എണ്ണം നിയന്ത്രണത്തിൽ നിൽക്കൂ. ആ ദുഷ്കര ദൗത്യം ഇന്ത്യ ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.”വരുന്ന രണ്ടാഴ്ച ഏറെ നിർണായകമാണ്.ഇപ്പോൾ പുലർത്തുന്ന ജാഗ്രതയും, വ്യക്തിപരമായ വൃത്തിയും അണുനാശനവും ഒക്കെ തുടർന്നാൽ മാത്രമേ അനിയന്ത്രിതമായ തോതിൽ രോഗം വ്യാപിക്കുന്നത് തടയാൻ നമുക്ക് സാധിക്കൂ” എന്നാണ് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ആരോഗ്യ വിഭാഗം പ്രതിനിധി ഡോ. സൗരഭ് ദലാൽ ട്വിറ്ററിലൂടെ അറിയിച്ചത്. ” ആൾക്കൂട്ടങ്ങൾ കഴിവതും ഒഴിവാക്കണം. മറ്റുള്ളവരെ അഭിവാദനം ചെയ്യാൻ ഹസ്തദാനത്തിനും കെട്ടിപ്പിടിക്കലിനും പകരം നമസ്തേ ശീലിക്കുക. കഴിവതും ആളുകളിൽ നിന്ന് അകലം സൂക്ഷിക്കുക” അദ്ദേഹം പറഞ്ഞു.

ഈ അസുഖത്തിന് നാല് ഘട്ടങ്ങൾ ഉണ്ടന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഒന്നാം ഘട്ടം വിദേശത്തു നിന്ന് അസുഖം ഒരു രാജ്യത്തേക്ക് വന്നെത്തുന്ന ഘട്ടം. രണ്ടാമത്തേത്, പ്രാദേശികമായി പരക്കുന്ന ഘട്ടം. മൂന്നാമത്തേത്, അത് ആ രാജ്യത്തെ സമൂഹത്തിൽ വ്യാപിക്കുന്ന ഘട്ടം. നാലാമത്തേത്, അത് ഒരു പകർച്ചവ്യാധിയുടെ സ്വഭാവമാർജ്ജിക്കുന്ന ഘട്ടവും. ഇന്ത്യയിൽ ഇതുവരെ സമൂഹത്തിനുള്ളിൽ അസുഖം പടരുന്ന ഘട്ടം എത്തിയിട്ടില്ല എങ്കിലും, അത്യാവശ്യമുള്ള ചില മുൻകരുതലുകൾ എടുത്തില്ലെങ്കിൽ ഉറപ്പായും ആ ഘട്ടത്തിലേക്ക് കൊവിഡ് 19 കടക്കും. ഇന്ത്യയെപ്പോലെ വലിയൊരു രാജ്യത്ത് സാമൂഹികവും, സാമ്പത്തികവുമായ എത്ര വലിയ പ്രത്യാഘാതങ്ങൾക്കായിരിക്കും അത് വഴി വക്കുക എന്ന് കാത്തിരുന്ന് തന്നെ കാണേണ്ടി വരും.

ഇന്ത്യയിലെ ഏറ്റവും പുതിയ കൊവിഡ് 19 ബാധിതരുടെ എണ്ണം 114 ആയിട്ടുണ്ട്. ദില്ലിയിലും കർണാടകയിലുമായി രണ്ടു മരണങ്ങൾ. പൊതുസമൂഹത്തിൽ കൊവിഡ് 19 പടർന്നുപിടിക്കുന്നതിൽ നിന്ന് ഫലപ്രദമായി തടയണമെങ്കിൽ ചുരുങ്ങിയത് 30 ദിവസമെങ്കിലും എടുക്കും.ഇന്ത്യയിലെ കേസുകൾ, ഈ ഘട്ടത്തിൽ നിയന്ത്രണത്തിലാണ്. എന്നാൽ, ഈ സാഹചര്യത്തെ നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ നമ്മുടെ നാട്ടിൽ ആയിരക്കണക്കിനാവില്ല, ലക്ഷക്കണക്കിനാകും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുക. അടുത്ത രണ്ടാഴ്ച സർക്കാർ പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ അക്ഷരാർത്ഥത്തിൽ പിന്തുടരുന്നതാകും ഉത്തമം. സമൂഹത്തിന്റെ താത്പര്യങ്ങൾക്ക് വ്യക്തികളുടെ സ്വാർത്ഥതയേക്കാൾ മുൻഗണന നൽകേണ്ടത് ഈ ഘട്ടത്തിൽ അത്യാവശ്യമാണ്. വരും നാളുകളിൽ കൂടുതൽ ജാ​ഗ്രതയാടെ സമൂഹത്തിൽ ഇടപെടാൻ ശ്രമിക്കാം.