ബിജെപി നേതാവ് വിവി രാജേഷും ക്വാറൻ്റീനില്‍

single-img
17 March 2020

കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി കേന്ദ്രമന്ത്രി വി മുരളീധരന്‍ സ്വയം ക്വാറൻ്റീനില്‍ പ്രവേശിച്ചതിനു പിന്നാലെ ബിജെപി നേതാവ് വി വി രാജേഷും ക്വാറൻ്റീനില്‍. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സന്ദര്‍ശനം നടത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലാണ് മുരളീധരന്‍ ക്വാറന്റീനിലുള്ളത്. മുരളീധരന് ഇതുവരെ രോഗലക്ഷണങ്ങളില്ലെങ്കിലും പൊതുപരിപാടികളെല്ലാം ഒഴിവാക്കിയിട്ടുണ്ടെന്നാണ് വിവരം. 

Support Evartha to Save Independent journalism

പാര്‍ലമെന്റ് സമ്മേളനത്തിനും വി മുരളീധരൻ പങ്കെടുക്കുന്നില്ല. പൊതുജന സമ്പര്‍ക്കം ഒഴിവാക്കി സ്വയം നിരീക്ഷത്തിൽ കഴിയാനാണ് തീരുമാനം. ഇക്കഴിഞ്ഞ പതിനാലാം തീയതിയാണ് ശ്രീചിത്ര ആശുപത്രിയിലെ അവലോകന യോഗത്തിൽ കേന്ദ്രമന്ത്രി വി മുരളീധരനും പങ്കെടുത്തത്. മുരളീധരനൊപ്പം ശ്രീചിത്രയില്‍ വിവി രാജേഷും പോയിരുന്നു.

ശ്രീചിത്ര ആശുപത്രിയിലെ ഡോക്‌ടര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും രോഗബാധിതനായ ഡോക്ടറുമായി ഇടപഴകിയ ഡോക്ടര്‍മാരും ജീവനക്കാരും അടക്കം നിരീക്ഷണത്തിലാകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വി മുരളീധരന്‍റെ നടപടി.

സ്പെയ്‌നിൽ പഠനം കഴിഞ്ഞെത്തിയ ഡോക്‌ടര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രി വാർത്തകളിൽ നിറഞ്ഞത്. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും രോഗികളുടെ തുടര്‍ പരിശോധനകളും നിര്‍ത്തിവച്ചിരിക്കുകയാണ്. ആശുപത്രിയുടെ പ്രവര്‍ത്തനം തന്നെ പ്രതിസന്ധിയിലായ സാഹചര്യമാണ് ഇപ്പോഴുള്ളത്.