കേരളത്തില്‍ മദ്യവില്‍പ്പനശാലകളില്‍ 30ല്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ച് പാടില്ല; ജീവനക്കാര്‍ക്കും കര്‍ശന നിര്‍ദ്ദേശങ്ങളുമായി സര്‍ക്കുലര്‍

single-img
17 March 2020

കൊറോണ കേരളത്തിൽ ഓരോ ദിനവും വ്യാപിക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ കൂട്ടം കൂടുന്ന സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.ഈ തീരുമാനത്തിന്റെ തന്നെ ഭാഗമായി സംസ്ഥാനത്തെ മദ്യവില്‍പ്പനശാലകളില്‍ നിയന്ത്രണമേര്‍പ്പെടുത്തും. മദ്യവിൽപ്പന ശാലകളിൽ ജീവനക്കാര്‍ ഉപഭോക്താക്കളെ മാസ്‌ക് ധരിക്കാനും ക്യൂവില്‍ അകലം പാലിക്കാനും പ്രേരിപ്പിക്കണം. ഒരു വില്‍പ്പനശാലയില്‍ഒരേസമയം 25-30 ആളുകളിൽ കൂടുതല്‍ അനുവദിക്കരുത്.

അത്തരത്തിൽ നീണ്ട ക്യൂ ഒഴിവാക്കാന്‍ കഴിയാവുന്നത്ര കൗണ്ടറുകള്‍ തുറക്കണമെന്നും ബെവ്‌കോ പുറത്തിറക്കിയ സര്‍ക്കുലറിൽ പറയുന്നു. ആളുകൾ കൂടുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ സെക്യൂരിറ്റിയെ നിയമിക്കണം. ജോലി ചെയ്യുന്ന ജീവനക്കാര്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കണമെന്നും ബെവ്‌കോ എം.ഡി ഡി സ്പര്‍ജന്‍ കുമാര്‍ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. അതേസമയം സംസ്ഥാനത്തെ വിദേശമദ്യ ഷോപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തന്നെയാണ് തീരുമാനം. ഇപ്പോഴുള്ള അവസ്ഥയിൽ ബിവറേജസ് ഔട്ട്‌ലറ്റുകള്‍ അടയ്‌ക്കേണ്ടതില്ലെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.