ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് നല്‍കിയാല്‍ മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ നടപടി: മന്ത്രി കെ കെ ശൈലജ

single-img
17 March 2020

ഡോക്ടർമാർ നൽകുന്ന കുറിപ്പടിയില്ലാതെ രോഗികൾക്ക് മരുന്നുകള്‍ നല്‍കിയാല്‍ അത്തരത്തിലുള്ള മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. ലോകവ്യാപകമായി കൊറോണ പടരുമ്പോൾ കേരളത്തിലെ ആരോഗ്യ രംഗത്ത് സംജാതമായിട്ടുള്ള പ്രതിസന്ധിഘട്ടത്തില്‍ ചില മെഡിക്കല്‍ സ്റ്റോറുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ പനി, ചുമ, ജലദോഷം, തൊണ്ടവേദന എന്നീ രോഗാവസ്ഥകള്‍ക്ക് മരുന്നുകള്‍ നൽകുന്നതായി വ്യാപകമായി പരാതി ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് നടപടി ഉണ്ടായിരിക്കുന്നത്.

രോഗിയെ പരിശോധിച്ച ശേഷം ഡോക്ടർമാർ നൽകുന്ന കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍‌കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. അതുകൊണ്ടുതന്നെ ഇതുപോലുള്ള വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് നിർദ്ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി. കേരളാ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് നടപടിയെ സംബന്ധിച്ചുള്ള അറിയിപ്പുള്ളത്.