കൊറോണ ബാധിച്ച ഡോക്ടർക്കൊപ്പം ജോലിചെയ്ത ഡോക്ടർമാർ വി മുരളീധരനൊപ്പം യോഗത്തിൽ പങ്കെടുത്തു: വിശദീകരണം തേടി കേന്ദ്രമന്ത്രി

single-img
16 March 2020

തിരുവനന്തപുരത്ത് ഡോക്ടര്‍ക്ക് കോവിഡ് സ്ഥീരികരിച്ച പശ്ചാത്തലത്തില്‍ തിരുവനന്തപുരം ശ്രീചിത്രയില്‍ നടന്ന ഉന്നതതല യോഗത്തില്‍ പങ്കെടുത്ത കേന്ദ്ര മന്ത്രി വി മുരളീധരന്‍ ആശുപത്രി അധികൃതരില്‍ നിന്ന് വിശദീകരണം തേടി. ശനിയാഴ്ചയാണ് വി മുരളീധരന്‍ യോഗത്തില്‍ പങ്കെടുത്തത്. ഇതിന് മുമ്പായി ഏതെങ്കിലും തരത്തില്‍ മുന്‍കരുതല്‍ എടുക്കേണ്ടതുണ്ടോ എന്ന് ആശുപത്രി അധികൃതരോട് മുരളീധരൻ്റെ ഓഫീസ് ചോദിച്ചറിഞ്ഞതായാണ് സൂചന. 

Support Evartha to Save Independent journalism

എന്നാല്‍ അത്തരത്തില്‍ ഒരു പ്രശ്‌നവും ഇല്ലെന്നാണ് ലഭിച്ച മറുപടി. തുടര്‍ന്ന് മന്ത്രി യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു. ഈ ആശുപത്രിയിലെ ഒരു ഡോക്ടര്‍ക്ക് കഴിഞ്ഞ ദിവസമാണ് കൊറോണവൈറസ് സ്ഥിരീകരിച്ചത്. അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത ഡോക്ടര്‍മാരും മന്ത്രിയുടെ യോഗത്തില്‍ പങ്കെടുത്തോ  എന്ന സംശയത്തിലാണ് മന്ത്രിയുടെ ഓഫീസ് ഇപ്പോള്‍ വിശദീകരണം തേടിയിരിക്കുന്നത്. 

കൊറോണ ബാധിതനായ ഡോക്ടര്‍ ആശുപത്രിയിലുണ്ടെന്ന വിവരം മറച്ചുവെച്ചുവെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ വിലയിരുത്തല്‍. ആശുപത്രി ഡയറക്ടറോടാണ് മുരളീധരന്റെ ഓഫീസ് വിശദീകരണം തേടിയിരിക്കുന്നത്. 

ഇതിനിടെ ഡോക്ടര്‍ക്ക് കൊറോണവൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുപ്പതോളം ഡോക്ടര്‍മാരെ വീട്ടില്‍ നിരീക്ഷണത്തിലാക്കി. രോഗം ബാധിച്ച ഡോക്ടര്‍ ജോലി ചെയ്ത ശ്രീചിത്ര ആശുപത്രിയിലെ റേഡിയോളജി ലാബ് അടച്ചുപൂട്ടി. ശസ്ത്രക്രിയ അടക്കം നിര്‍ത്തിവെക്കാനും സാധ്യതയുണ്ട്.