16കാരിയുടെ മൃതദേഹം കിണറ്റില്‍ നഗ്നമായി നിലയില്‍ കണ്ടെത്തിയ സംഭവം; പീഡനശേഷം കൊലചെയ്തത് അയല്‍ക്കാരനായ കൗമാരക്കാരന്‍

single-img
16 March 2020

പാലക്കാട് ജില്ലയിലെ മുതലമട മൂച്ചന്‍ കുണ്ടിൽ കിണറ്റില്‍ നഗ്നമായി നിലയില്‍ 16കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. പെണ്‍കുട്ടിയുടെ അയല്‍ക്കാരൻകൂടിയായ കൗമാരക്കാരനാണ് പീഡിപ്പിച്ച ശേഷം കിണറ്റില്‍ തള്ളിയിട്ട് കൊന്നത്. സംഭവം നടന്ന ദിവസം രാത്രി പെണ്‍കുട്ടിയുടെ അമ്മയും അനുജത്തിയും ക്ഷേത്രത്തില്‍ പൊങ്കല്‍ ഉത്സവത്തിനായി പോയിരുന്നു.

ഈ സമയം പെണ്‍കുട്ടിയെ വിലസിച്ച ശേഷം സംസാരിക്കാനുണ്ട് എന്നുപറഞ്ഞ് വീടിന് 300 മീറ്റര്‍ അകലെയുള്ള തെങ്ങിന്‍ തോപ്പിലേക്ക് പ്രതി കൊണ്ട്പോയി പീഡിപ്പിക്കുകയായിരുന്നു. നിലവിളിച്ച പെണ്‍കുട്ടിയുടെ വായ പൊത്തി. ശേഷം സമീപത്തുള്ള ആഴമേറിയ കിണറ്റിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു.

കൊലചെയ്ത ശേഷം പ്രതി ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമൊപ്പം പെണ്‍കുട്ടിയ്ക്ക് വേണ്ടി തിരച്ചില്‍ നടത്തുകയും ചെയ്തു.പിറ്റേദിവസം പുലർച്ചെ ആടുമേയ്ക്കാന്‍ പ്രദേശത്തെത്തിയ ബന്ധുവാണ് മൃതദേഹം കണ്ടതും പോലീസിനെ അറിയിച്ചതും . തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ കൗമാരക്കാരന്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് അടിവസ്ത്രം മാത്രം ധരിച്ച നിലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം വീടിനടുത്തുള്ള കിണറ്റില്‍ നിന്നും കണ്ടെത്തിയത്.

കുട്ടിയുടെ പിതാവ് വർഷങ്ങ‍ൾക്ക് മുൻപ് മരിച്ചതാണ്. തമിഴ്നാടിലെ കോയമ്പത്തൂർ സ്വദേശിയായ ഇദ്ദേഹത്തിന്റെ സഹോദരിമാർ കുട്ടിയെ ഇടയ്ക്കു കൂട്ടിക്കൊണ്ടു പോകാറുണ്ടായിരുന്നതിനാൽ അമ്മ വ്യാഴാഴ്ച കോയമ്പത്തൂരിലെത്തി അന്വേഷിച്ചെങ്കിലും അവിടെ എത്തിയിട്ടില്ലെന്നു കണ്ടെത്തി. ഇതിനെ തുടര്‍ന്ന് വെള്ളിയാഴ്ച കൊല്ലങ്കോട് പോലീസിൽ പെണ്‍കുട്ടിയെ കാണാതായതായി പരാതി നല്‍കുകയും ചെയ്തിരുന്നു.