നിര്‍ഭയ കേസ്; വധശിക്ഷയ്ക്ക് ഇനി നാലുദിവസം കൂടി, ആരാച്ചാര്‍ നാളെ ജയിലില്‍ റിപ്പോര്‍ട്ട് ചെയ്യും

single-img
16 March 2020

ഡല്‍ഹി : നിര്‍ഭയ കേസില്‍ പ്രതികളെ തൂക്കിലേറ്റാന്‍ ഇനി നാലു ദിവസം കൂടി. മാര്‍ച്ച് 20 നാണ് ശിക്ഷ നടപ്പിലാക്കുന്നത്. വധശിക്ഷ നടപ്പാക്കുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഒരുക്കത്തിലാണ് തിഹാര്‍ ജയില്‍ അധികൃതര്‍. പ്രതികളെ തൂക്കിലേറ്റുന്ന ആരാച്ചാരോട് ജയിലില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വധശിക്ഷയ്ക്ക് മൂന്ന് ദിവസം മുന്‍പ് ജയിലില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആരാച്ചാര്‍ പവന്‍ ജല്ലാദിനെ അറിയിച്ചു. നാല് പ്രതികളില്‍ മുകേഷ്, പവന്‍ കുമാര്‍ ഗുപ്ത, വിനയ് എന്നിവര്‍ ബന്ധുക്കളുമായി നേരത്തെ മുഖാമുഖം കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ച നടത്തേണ്ട അവസാന ദിവസം സംബന്ധിച്ച് അക്ഷയ് ഠാക്കൂറിന്റെ ബന്ധുക്കള്‍ക്ക് അധികൃതര്‍ കത്തയച്ചിട്ടുണ്ട്.

മാര്‍ച്ച് 17 ന് പവന്‍ ജല്ലാദ് ജയിലില്‍ എത്തിയ ശേഷം ഡമ്മികളെ തൂക്കിലേറ്റി പരിശോധന നടത്തും. തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളിലും പ്രതികളുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കും. ഇതിന് പുറമേ അവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം പ്രതികള്‍ക്ക് ദയാവധത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ രാഷ്ട്രപതിക്ക് കത്ത് നല്‍കിയിട്ടുണ്ട്. വധശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നാല് പ്രതികളും നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് മാര്‍ച്ച് 20 വധശിക്ഷ നടത്തണമെന്നുള്ള മരണ വാറന്റ് ഡല്‍ഹി പട്യാല ഹൗസ് കോടതി പുറപ്പെടുവിച്ചത്.