ലോറിയും റോഡ് റോളറും കൂട്ടിയിടിച്ചു: റോഡ് റോളർ രണ്ടായി, ഒന്നും പറ്റാതെ ലോറി

single-img
16 March 2020

തിരുവനന്തപുരം തട്ടത്തുമല കിളിമാനൂർ റോഡിൽ റോഡ് റോളറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചു. അപകടരത്തിൽ ഒരാൾക്ക് പരിക്കേറ്റു. റോഡ് റോളർ പൂർണ്ണമായും തകരുകയും ചെയ്തു. ഇന്ന് ഉച്ചക്ക് 12മണിയോടെയാണ് അപകടം നടന്നത്. 

Donate to evartha to support Independent journalism

റോഡ് റോളർ ഡ്രൈവറും ബിഹാർ സ്വദേശിയുമായ സാലിമിനാണ് പരിക്കേറ്റത്. കിളിമാനൂർ ഭാഗത്ത് നിന്നും നിലമേൽ ഭാഗത്തേക്ക്‌ പോയ ലോറിയും എതിരെ വന്ന റോഡ് റോളറുമാണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ റോഡ് റോളർ രണ്ടായി മുറിഞ്ഞു മാറിയിരുന്നു. 

ഇടിയുടെ ആഘാതത്തിൽ റോഡ് റോളർ ഡ്രൈവർ സലിം റോഡിലേക്ക് തെറിച്ചു വീണു. ഉടൻ നാട്ടുകാരും യാത്രക്കാരും ചേർന്ന് പരിക്കേറ്റ സലീമിനെ 108 ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇയാൾക്ക് ഗുരുതര പരിക്കില്ലെന്നാണ് വിവരം. 

കിളിമാനൂർ പോലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി. അപകടത്തെ തുടർന്ന് ഗതാഗത തടസ്സം ഉണ്ടായി. ഒടുവിൽ ക്രയിൻ എത്തിയാണ് റോഡിൽ നിന്ന് റോഡ് റോളർ മാറ്റിയത്. ലോറി ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് പുറത്തു വരുന്ന വിവരം.