വിശ്വാസ വോട്ടെടുപ്പ് : കമല്‍നാഥ് സര്‍ക്കാരിനോട് ചൊവ്വാഴ്ച തന്നെ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍

single-img
16 March 2020

ഏത് വിധത്തിലും വിശ്വാസ വോട്ടെടുപ്പ് നീട്ടിവെക്കാന്‍ ശ്രമിക്കുന്നതിനിടെ മധ്യപ്രദേശിൽ കമല്‍നാഥ് സര്‍ക്കാരിനോട് ചൊവ്വാഴ്ച തന്നെ ഭൂരിപക്ഷം തെളിയിക്കാനാവശ്യപ്പെട്ട് ഗവര്‍ണര്‍. നാളെതന്നെ നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടക്കത്തണമെന്ന് ഗവര്‍ണര്‍ ലാല്‍ജി ടണ്ടന്‍ മുഖ്യമന്ത്രി കമല്‍നാഥിനെ അറിയിച്ചു. രാജ്യമാകെ കൊറോണ പടരുന്ന സാഹചര്യത്തില്‍ സ്പീക്കര്‍ നിയമസഭ കൂടുന്നത് മാര്‍ച്ച് 26 വരെ നീട്ടിവെക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ബിജെപി ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

കഴിഞ്ഞയാഴ്ചതന്നെ ഗവര്‍ണര്‍ മധ്യപ്രദേശ് സര്‍ക്കാരിനോട് ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും വിശ്വാസ വോട്ടെടുപ്പ് നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് കമല്‍നാഥ് ടണ്ടന് കത്തയക്കുകയായിരുന്നു. ജയ്പൂരില്‍ നിന്നും ഭോപ്പാലിലേക്ക് വന്ന തങ്ങളുടെ എംഎൽഎമാരിൽ രണ്ടുപേര്‍ക്ക് കൊവിഡ് ഉണ്ടെന്ന് സംശയിക്കുന്നുണ്ടെന്നും അതുകൊണ്ട് വിശ്വാസ വോട്ടെടുപ്പ് നീട്ടിവെക്കണമെന്നുമായിരുന്നു കമല്‍ നാഥ് കത്തില്‍ ആവശ്യപ്പെട്ടത്.

സംസ്ഥാനത്തെ പ്രതിപക്ഷമായ ബിജെപിയാവട്ടെ സുപ്രീം കോടതിയില്‍ ഹർജി നല്‍കിയതിന് പിന്നാലെ മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ടനെ ഔദ്യോഗിക വസതിയില്‍ ചെന്ന് കാണുകയും ചെയ്തിരുന്നു.