കേരളത്തിൻ്റെ പോരാട്ടം ഫലം കാണുന്നു: കൊറോണ രോഗികളുടെ എണ്ണത്തിൽ മഹാരാഷ്ട്ര കേരളത്തെ മറികടന്നു

single-img
16 March 2020

ലോകവ്യാപകമായി കൊറോണ ജനങ്ങളിൽ പടർത്തുന്ന ഭീതി ചെറുതല്ല. രാജ്യവും വ്യാപകമായ കൊറോണ ഭീതിയിലാണ്. കൊറോണ രോഗികളുടെ കാര്യത്തിൽ കേരളം നടത്തുന്ന പോരാട്ടങ്ങൾഒടുവിൽ ഫലം കാണുന്നതായാണ് റിപ്പോർട്ടുകൾ. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രോഗം സ്ഥിരീകരിച്ചത് 107 കേസുകളാണ്. ശനിയാഴ്ച 84 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ 23 പേര്‍ കൂടിയാണ് പുതിയതായി രോഗികളായത്. നിലവിൽ മഹാരാഷ്ട്രയാണ് രോഗികളുടെ എണ്ണത്തില്‍ മുന്നിലുള്ളത്. 

34 കേസുകളാണ് മഹാരാഷ്ട്രയില്‍ ഉള്ളത്. 24 പേരുമായി കേരളം രണ്ടാമതും 13 പേരുമായി യുപി മുന്നാമതും നില്‍ക്കുമ്പോള്‍ രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ച പതിനാലാമത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി.

അതേസമയം കോവിഡ് ബാധിച്ച് ഇന്ത്യയില്‍ രണ്ടു മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. രണ്ടും മുതിര്‍ന്ന പൗരന്മാരും മറ്റ് രോഗങ്ങള്‍ ഉള്ളവരുമാണ്. രാജ്യത്തുടനീളം 4000 പേര്‍ രോഗികളുമായി വിവിധ രീതിയില്‍ സമ്പര്‍ക്കം പുലര്‍ത്തിയതിന് നിരീക്ഷണത്തിലാണെന്നും മന്ത്രാലയം പറയുന്നു. ശനിയാഴ്ച മഹാരാഷ്ട്രയില്‍ ഒരു മരണം സ്വകാര്യ ആശുപത്രിയില്‍ ഉണ്ടായെങ്കിലും ഇയാളുടെ സാമ്പിള്‍ പരിശോധിച്ചത് നെഗറ്റീവായിരുന്നതിനാൽ അത് കൊറോണ മരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. 

ഇതിനിടെ കോവിഡ് രാജ്യത്ത് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പുതിയ ആരോഗ്യനയവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. കോവിഡ് സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ 24 മണിക്കൂറിനുള്ളില്‍ രണ്ടു പരിശോധന നടത്താനും രണ്ടും നെഗറ്റീവായാല്‍ മാത്രം ഡിസ്ചാര്‍ജ്ജ് ചെയ്താല്‍ മതിയെന്നുമാണ് പുതിയ തീരുമാനം. നെഞ്ചിനുള്ള റേഡിയോഗ്രാഫിക് ക്‌ളീയറന്‍സും വൈറല്‍ ക്‌ളീയറന്‍സും സാംപിളുകളില്‍ നെഗറ്റീവായി മാറിയാലേ ഡിസ്ചാര്‍ജ്ജ് നടക്കൂ.

അതുപോലെ തന്നെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തില്‍ പെട്ടയാള്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടയില്‍ ആദ്യ പരിശോധന നെഗറ്റീവ് ആണെന്ന് കണ്ടെത്തിയാല്‍ അവരെയും ഡിസ്ചാര്‍ജ്ജ് ചെയ്യും. എന്നാല്‍ തുടര്‍ന്ന് വരുന്ന 14 ദിവസത്തേക്ക് അവരെ ഡോക്ടറുടെ നേതൃത്വത്തില്‍ നിരീക്ഷണത്തില്‍ വെയ്ക്കും. രാജ്യത്ത് രോഗികളുടെ എണ്ണം വിവിധ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം 115 ആയി ഉയര്‍ന്നതോടെയാണ് പുതിയ നയം പ്രഖ്യാപിച്ചത്.