കൊവിഡ്19; സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 21 ആയി,10,944 പേര്‍ നിരീക്ഷണത്തില്‍

single-img
16 March 2020

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ച രോഗികളുടെ എണ്ണം 21 ആയി. പുതിയതായി രണ്ടു കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.മൂന്നാറില്‍ റിസോര്‍ട്ടില്‍ താമസിച്ച ബ്രിട്ടീഷ് പൗരനും,സ്‌പെയിനില്‍ നിന്നും തിരിച്ചെത്തിയ ഡോക്ടര്‍ക്കുമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.ആരോഗ്യമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേ സമയം വിവിധ ജില്ലകളിലായി 10,655 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.രോഗലക്ഷണങ്ങള്‍ ഉള്ള 2,147 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 1,514 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.

ശക്തമായ പ്രതിരോധപ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. യുകെ സ്വദേശിയുടെ ഫലം പോസിറ്റീവ് ആണെന്ന് ശനിയാഴ്ച രാത്രിയോടെയാണ് വ്യക്തമായത്. ഇയാള്‍ രോഗവിവരം മറച്ചുവച്ച് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്.

സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ വിദേശത്തു നിന്ന് എത്തിയവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.വൈറസ് പടരാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാനാണ് അധികൃതര്‍ പറയുന്നത്.