എന്താണ് ക്വാറന്റൈൻ?, എന്താണ് ഐസൊലേഷന്‍ ? ; സംശയങ്ങള്‍ ഇല്ലാതാക്കൂ!

single-img
16 March 2020

ലോക രാജ്യങ്ങളില്‍ പടര്‍ന്നു കൊണ്ടിരിക്കുന്ന കൊവിഡ് 19 ഇന്ന് നമ്മുടെ രാജ്യത്തും വ്യാപിക്കാന്‍ തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ ജനങ്ങള്‍ എല്ലാവരും ആശങ്കയിലാണ്. ഭീതിയല്ല ജാഗ്രതയാണ് വേണ്ടത്. കൃത്യമായ മുന്‍കരുതലും നിര്‍ദേശങ്ങളും പാലിച്ചാല്‍ കൊറോണ വൈറസ് ബാധയെ ചെറുക്കാന്‍ സാധിക്കും. അതോടൊപ്പം തന്നെ രോഗത്തെക്കുറിച്ച് നമുക്കുള്ള സംശയങ്ങളും ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണ്.

കൊവിഡ് ബാധ സംശയിച്ചാല്‍ സ്വീകരിക്കുന്ന ആദ്യ ഘട്ടങ്ങളാണ് ക്വാറന്റൈൻ, ഐസൊലേഷന്‍. എന്നാല്‍ എന്താണ് ക്വാറന്റൈൻ ? എന്താണ് ഐസൊലേഷന്‍ ? തുടങ്ങിയവ പലപ്പോഴും എല്ലാവരിലും ഉണ്ടാകുന്ന സംശയങ്ങളാണ്

ക്വാറന്റൈൻ പിരിയഡ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കൊവിഡ് ബാധ സ്ഥിരീകരിച്ച വിദേശ രാജ്യങ്ങളില്‍ നിന്ന് നമ്മുടെ പരിസരത്തേക്ക് എത്തുന്നവരെ നിരീക്ഷണത്തിന് വിധേയമാക്കുന്ന ഘട്ടമാണ്. അതേ സമയം ഇവര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുമില്ല. രോഗ സാധ്യത മുന്‍നിര്‍ത്തി അവ വരാനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കാനാണ് 14 ദിവസത്തോളം നിരീക്ഷണപരിധിയില്‍ നിര്‍ത്തുത്.

രോഗലക്ഷണം വരുന്നത് എകദേശം 14 ദിവസത്തിനുള്ളിലാണ്. അതായത് രോഗ സാധ്യതയുള്ള ആളുകളെ രോഗ ലക്ഷണങ്ങള്‍ ഉണ്ടാകുന്നതിന് മുന്‍പേ തന്നെ മാറ്റിപ്പാര്‍പ്പിക്കുന്നതിനെയാണ് ക്വാറന്റൈൻ എന്ന് പറയുന്നത്. അതേ സമയം ക്വാറന്റൈനില്‍ കഴിയുന്ന വ്യക്തി ചില രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും അയാളെ പ്രത്യേക മുറിയിലേക്ക് ചികിത്സയുടെ ഭാഗമായി മാറ്റുന്നതിനെയാണ് ഐസൊലേഷന്‍ എന്ന് പറയുന്നത്.

ലോകത്താകമാനം 14 ദിവസമാണ് ക്വാറന്റൈൻ പിരിയിഡായി കണക്കാക്കുതെങ്കിലും കൂടുതല്‍ ജാഗ്രത കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ 28 ദിവസമാക്കിയിട്ടുണ്ട്. അപ്രകാരം കൊവിഡ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടുകയും 28 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയും വേണം.

രോഗം സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് എത്തിയവര്‍ക്കു പുറമെ അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും രോഗം സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയവരും ക്വാറണ്ടെയ്ന്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. കൂടാതെ രോഗികള്‍ സഞ്ചരിച്ച വഴിയിലൂടെയോ മറ്റോ സഞ്ചരിച്ചവര്‍ക്കും മുന്‍കരുതലിന്റെ ഭാഗമായി ക്വാറന്റൈനിൽ കഴിയാവുതാണ്.
ക്വാറന്റൈൻ കഴിയുന്നവര്‍ പാലിക്കേണ്ട മുന്‍തരുതലുകള്‍

  1. വായുസഞ്ചാരമുള്ള ഒറ്റയ്ക്കുള്ള മുറിയില്‍ കഴിയാന്‍ ശ്രമിക്കുക, വ്യക്തിശുചിത്വം പാലിക്കുക
  2. ഉപയോഗിക്കുന്ന വസ്തുക്കളും മറ്റും മറ്റുള്ളവരില്‍ നിന്നും ഒഴിവാക്കി നിര്‍ത്തുക

3.ഉപയോഗിച്ച വസ്ത്രങ്ങള്‍ ബ്ലീച്ചിങ് പൗഡര്‍ ലായനിയിലോ ബാക്ടീരിയയെ ചെറുക്കുന്ന ലായനിയിലോ മുക്കിവെച്ചതിനുശേഷം ഉപയോഗിക്കുക

4.വീടുകളില്‍ തന്നെയും പൊതുവായി ഉപയോഗിക്കുന്ന സ്ഥലങ്ങളില്‍ നിന്നും മാറിനില്‍ക്കുക

കൊവിഡിനെക്കുറിച്ചുള്ള ധാരാളം തെറ്റിധാരണകളാണ് ആളുകള്‍ക്കിടയില്‍ ഇപ്പോഴും നിലനില്‍ക്കുന്നത്. വായുവിലൂടെ പരക്കുന്ന അസുഖം ആയതുകൊണ്ടു തന്നെ രോഗ ലക്ഷണമുള്ള വ്യക്തിയുമായി അടുത്ത് ഇടപഴകുമ്പോഴാണ് അസുഖം പകരാനുള്ള സാധ്യത ഉണ്ടാകുന്നത്. അതേസമയം വായുവിലൂടെ അസുഖം പകരാന്‍ സാധ്യതയുണ്ട് എന്ന് പറയുന്നുണ്ടെങ്കില്‍ തന്നെയും ഒരു വ്യക്തിയില്‍ രോഗം സ്ഥിരീകരിച്ചാല്‍ അയാളുടെ തന്നെ 10 മീറ്റര്‍ ചുറ്റളവില്‍ മാത്രമേ വൈറസ് അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുകയുള്ളൂ.

നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തി മനോധൈര്യം നേടിയിരിക്കേണ്ടത് അത്യാവശ്യമാണ്. ഒറ്റപ്പെടല്‍ സാഹചര്യം വ്യക്തിയുടെ ആരോഗ്യത്തെ പോലും ബാധിക്കുന്നതാണ്. രോഗത്തെ ഇല്ലാതാക്കുക എന്ന ഉത്തരവാദിത്വം സര്‍ക്കാരിനും ആരോഗ്യവകുപ്പിനും മാത്രമല്ല സമൂഹത്തിന്റേതു കൂടിയാണ്. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശം കൃത്യമായി പാലിക്കുകയും,ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്താല്‍ രോഗത്തെ പ്രതിരോധിക്കാനാകും