ലോകരാജ്യങ്ങളെ ആശങ്കയിലാഴ്ത്തി കൊറോണ വ്യാപിക്കുന്നു; മരണ സംഖ്യ 6000 കടന്നു

single-img
16 March 2020

ലോകരാഷ്ട്രങ്ങളെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് പടരുകയാണ്. ഇതിനോടകം ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 6000 കടന്നിരിക്കുകയാണ്.1,63,332 പേര്‍ രോഗബാധിതരാണ്. ഇതില്‍ 5655 പേര്‍ അതീവ ഗുരുതരാവസ്ഥയിലുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

156 രാജ്യങ്ങളിലാണ് ഇതിനോടകം കൊറോണവൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇറാന്‍, ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ്, ബ്രിട്ടന്‍, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളിലാണ് മരണ സംഖ്യ ഉയരുന്നത്.ഗള്‍ഫ് രാജ്യങ്ങളിലും കൊറോണ വ്യാപിക്കുകയാണ്.സൗദിയിലും, ഒമാനിലും രോഗബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരികയാണ്.

ഇറാനില്‍ പുതിയതായി 113 പേര്‍ മരിച്ചു. ഇതോടെ ഇറാനില്‍ മരിച്ചവരുടെ എണ്ണം 724 ആയി. ഇറ്റലിയില്‍ 1441 പേരും സ്പെയിനില്‍ 295 പേരും മരിച്ചു. ഒരു ദിവസം മാത്രം 95 പേരാണ് സെപയിനില്‍ മരിച്ചത്. സ്പെയിനില്‍ രോഗബാധിതരുടെ എണ്ണം 24 മണിക്കൂറിനുള്ളില്‍ 1362 എണ്ണം വര്‍ധിച്ച് 7735ലെത്തി. കൊവിഡ് 19 ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ സ്പെയിന്‍ നാലാം സ്ഥാനത്തെത്തി.

ചൈനയില്‍ രോഗ ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായി. പുതിയതായി 25 പേര്‍ക്കാണ് ചൈനയില്‍ രോഗം സ്ഥിരീകരിച്ചത്. 10 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഫ്രാന്‍സില്‍ 91 പേര്‍ കൊവിഡ് 19 ബാധിച്ച് മരിച്ചു. അമേരിക്കയില്‍ അഞ്ച് പേര്‍ കൂടി മരിച്ച് മരണസംഖ്യ 62 ആയി ഉയര്‍ന്നു. ബ്രിട്ടനില്‍ 14 പേര്‍ കഴിഞ്ഞ ദിവസം മരിച്ചു. ഇതുവരെ 35 പേരാണ് ബ്രിട്ടനില്‍ മരിച്ചത്. അതേസമയം, ഇന്ത്യയില്‍ 108 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് വൈഫസ് ബാധയെ തുടര്‍ന്ന് രണ്ടു പേരാണ് ഇതിനോടകം മരണപ്പെട്ടത്.