കൊറോണ: ജനങ്ങളോട് ആഹ്വാനം ചെയ്തത് ആഘോഷത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍; പക്ഷെ യെദിയൂരപ്പ എത്തിയത് 2000പേര്‍ പങ്കെടുത്ത വിവാഹത്തില്‍

single-img
16 March 2020

കൊറോണ വൈറസ് സംസ്ഥാനമാകെ പടരുന്ന പശ്ചാത്തലത്തില്‍ വിവാഹം പോലെ ധാരാളം ആളുകൾ ഒത്തുകൂടുന്ന പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ട കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ പങ്കെടുത്തത് 2000പേര്‍ പങ്കെടുത്ത വിവാഹത്തില്‍. കഴിഞ്ഞ ദിവസം കർണാടകയിലെ ബല്‍ഗാവിയില്‍ നടന്ന വിവാഹത്തിലാണ് സ്വന്തം വാക്കുകൾക്ക് ജീവിതത്തിൽ വില നൽകാതെ യെദിയൂരപ്പ പങ്കെടുത്തത്.

ജനങ്ങളോട് നൽകിയ ആഹ്വാനം തെറ്റിച്ചത് കേവലം മുഖ്യമന്ത്രി മാത്രമല്ല സംസ്ഥാനത്തെ മറ്റുള്ള ബിജെപി മന്ത്രിമാരും നേതാക്കളും വിവാഹത്തില്‍ പങ്കെടുത്തു. നേതാക്കളെയെല്ലാം വിളിച്ചുകൂട്ടി ഞായറാഴ്ച നടന്നത് ബിജെപി എംഎല്‍സി മഹന്തേഷ് കവത്ജിമാതിന്റെ മകളുടെ വിവാഹമായിരുന്നു. അന്നേ ദിവസം രാവിലെ 11.15ന് വിവാഹ സ്ഥലത്തെത്തിയ മുഖ്യമന്ത്രി വധുവരന്മാരെ അനുഗ്രഹിച്ചു.

ഇന്ത്യയിൽ ആദ്യമായി കര്‍ണാടകയിലായിരുന്നു കൊവിഡ്-19 ബാധിച്ച് ആദ്യ മരണം സംഭവിച്ചത്. സംസ്ഥാനത്തെ കല്‍ബുര്‍ഗി സ്വദേശി മുഹമ്മദ് ഹുസൈന്‍ സിദ്ദിഖി എന്ന 76 കാരനായിരുന്നു മരിച്ചത്.