‘കൊറോണയിൽ ആശ്വസിച്ച്’ കമല്‍നാഥ്; വിശ്വാസ വോട്ടെടുപ്പ് നടത്താതെ നിയമസഭ 26 വരെ പിരിഞ്ഞു

single-img
16 March 2020

ഭോപാൽ: വിശ്വാസവോട്ട് സംബന്ധിച്ച് അനിശ്ചിത്വത്വം നിലനിന്ന മധ്യപ്രദേശ് നിയമസഭാ ബജറ്റ്‌ സമ്മേളനം ഈ മാസം 26 വരെ പിരിഞ്ഞു. രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെ കൊറോണ ഭീതിയിൽ കമൽനാഥിന് താൽക്കാലികയായെങ്കിലും ആശ്വാസിക്കാം. കൊറോണ വൈറസ് വ്യാപനത്തിന്‍റെ സാഹചര്യം മുൻനിർത്തിയാണ് സഭ പിരിഞ്ഞത്. ഗവർണർ ലാൽജി ടണ്ഡന്‍റെ ഒരു മിനിറ്റ് മാത്രം നീണ്ട നയപ്രഖ്യാപന പ്രസംഗത്തിന് പിന്നാലെ നിയമസഭ 26 വരെ പിരിഞ്ഞതായി സ്പീക്കർ എൻ.പി. പ്രജാപതി പ്രഖ്യാപിക്കുകയായിരുന്നു. ഭൂരിപക്ഷം തെളിയിക്കാൻ 10 ദിവസം കൂടി ലഭിച്ചതോടെ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാറിന് താൽക്കാലിക ആശ്വാസമായിരിക്കുകയാണ്.

അതേസമയം, ഉടൻ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യവുമായി ബിജെപി സുപ്രീംകോടതിയെ സമീപിച്ചേക്കും. വിമത എംഎൽഎമാർ വഴങ്ങിയില്ലെങ്കിൽ വോട്ടെടുപ്പ് അനന്തമായി നീട്ടിക്കൊണ്ടു പോകാനും സർക്കാരിന് കഴിയില്ല. നിലവിൽ 92 എംഎൽഎമാരാണ്‌ കോൺഗ്രസ്സിനുള്ളത്. സ്വതന്ത്രരും എസ്പി, ബിഎസ്പി എംഎൽഎമാരും കൂടി പരമാവധി 99മാരുടെ പിന്തുണ മാത്രമേ കമൽനാഥ് സർക്കാരിന് അവകാശപ്പെടാനുള്ളൂ.

ജോതിരാധിത്യ സിന്ധ്യയോട് അടുപ്പമുള്ള 22 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ച അവസരത്തില്‍, കമല്‍നാഥ് സര്‍ക്കാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വേണമെങ്കില്‍ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടു വരട്ടെയെന്നാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ പറഞ്ഞത്.കലങ്ങി മറിഞ്ഞ രാഷ്ട്രീയ നാടകങ്ങള്‍ക്ക് ശേഷം ആദ്യമായി സഭയിലെത്തിയ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് വിജയ ചിഹ്നമുയര്‍ത്തിയാണ് എത്തിയത്. ശിവരാജ് സിങിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷവും തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് സഭയില്‍ എത്തിയത്.