കൊറോണയെ തടയാനുള്ള 10 നിര്‍ദേശങ്ങള്‍; മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

single-img
15 March 2020

സംസ്ഥാനമാകെ കൊറോണ ഭീഷണിയാലാണ്. കൃത്യമായ ഇടപെടലുകളിലൂടെ സര്‍ക്കാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുമ്പോള്‍ പ്രതിപക്ഷം ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരിക്കുകയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കൊറോണയെ തടയുന്നതിന് സ്വീകരിക്കേണ്ട പത്ത് നിര്‍ദേശങ്ങളാണ് കത്തില്‍ പറയുന്നത്.

കൊറോണ വൈറസ് സംസ്ഥാനത്ത് വ്യാപിക്കുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് കത്തില്‍ പറയുന്നു. നിലവില്‍ സ്വീകരിച്ചിരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളും അടിയന്തിരമായി സ്വീകരിക്കേണ്ട ചില പുതിയ മുന്‍കരുതലുകളും കത്തിലുണ്ട്. ആരോഗ്യ രംഗത്തെ വിദഗ്ദ്ധരുമായി ചര്‍ച്ച നടത്തിയതിന് ശേഷം തയ്യാറാക്കിയ നിര്‍ദേശങ്ങളാണ് ചെന്നിത്തല പിണറായിക്ക് കൈമാറിയിരിക്കുന്നത്.

കത്തിന്റെ പൂര്‍ണരൂപം;

പ്രിയ മുഖ്യമന്ത്രി,

കോവിഡ് -19 അഥവാ കൊറോണാ വൈറസ് പടര്‍ന്ന് പിടിക്കാതിരിക്കാനുള്ള നടപടികളുമായി നമ്മള്‍ മുന്നോട്ട് പോകുന്ന ഈ സമയത്ത് വിവിധ തലങ്ങളിലുള്ള നിരവധി ആരോഗ്യ വിദഗ്ധരുമായി എനിക്ക് ആശയ വിനിമയം നടത്താന്‍ കഴിഞ്ഞു.

ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി ക്രിയാത്മകമായ നിര്‍ദേശങ്ങളും, അഭിപ്രായങ്ങളും അവര്‍ എന്നോട് പങ്കുവയ്കുകയുണ്ടായി. ആ ചര്‍ച്ചകള്‍ക്ക് ശേഷം ഉരുത്തിരിഞ്ഞ ചില നിര്‍ദേശങ്ങള്‍ ഞാന്‍ താങ്കളുടെ മുന്നില്‍ വയ്ക്കാന്‍ ആഗ്രഹിക്കുന്നു. നിലവില്‍ സര്‍ക്കാര്‍ ചെയ്തുവരുന്ന കൊറോണാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട മാറ്റങ്ങളും, അടിയന്തിരമായി സ്വീകരിക്കേണ്ട ചില പുതിയ മുന്‍കരുതലുമാണ് ഇതില്‍ പ്രധാനപ്പെട്ടവ.

നമുക്കറിയാം നിപ്പായില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ ഒരു രോഗമാണ് കോവിഡ് 19. അതു കൊണ്ട് തന്നെ ഈ രണ്ട് വൈറസുകളെയും പ്രതിരോധിക്കാനുള്ള തന്ത്രങ്ങളും തികച്ചും വ്യത്യസ്തമാണ്. ഇപ്പോള്‍ നമ്മള്‍ പ്രധാനമായും നടത്തുന്നത് കോണ്ടാക്റ്റ് ട്രെയിസിംഗ് മത്തേഡ് (സമ്ബര്‍ക്കത്തിലുടെ കൊറോണ വൈറസ് ബാധിച്ചവരെയോ ബാധിക്കാന്‍ സാധ്യതയുള്ളവരെയോ കണ്ടെത്തുക) ആണ്.

നമ്മുടെ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ള വ്യക്തികളുടെ എണ്ണം അധികമില്ലാത്ത ഈ സാഹചര്യത്തില്‍ കോണ്ടാക്‌ട് ട്രെയ്‌സിംഗ് രീതിയുമായി മുന്നോട്ടുപോകുന്നതില്‍ തെറ്റില്ല. പക്ഷേ അവരുടെ എണ്ണം വര്‍ദ്ധിക്കുകയാണെങ്കില്‍ ഇത് പ്രായോഗികമാകണമെന്നില്ല. അപ്പോള്‍ മിറ്റിഗേഷന്‍ അഥവാ ലഘൂകരണ രീതിയിലൂന്നിയുള്ള പ്രവര്‍ത്തനമായിരിക്കും അഭികാമ്യം.

മിറ്റിഗേഷന് അഥവാ ലഘൂകരണ രീതിയുമായി ബന്ധപ്പെട്ട് ചില നിര്‍ദേശങ്ങള്‍ ഞാന്‍ മുന്നോട്ട് വയ്ക്കുകയാണ്.

1. ചെറിയ രോഗ ലക്ഷണങ്ങളുള്ളവരെ പരിശോധിക്കുന്ന നടപടി നിര്‍ത്തിയത് അടിയന്തിരമായി പുന:പരിശോധിക്കണം. 80% കോവിഡ് രോഗികള്‍ക്കും ചെറിയ ലക്ഷണങ്ങള്‍ മാത്രമേ കാണൂ. 7000 ല്‍ അധികം പേരെ വീാല ൂൗമൃമിശേില ചെയ്തതിനു ശേഷം അവരുടെ ടെസ്റ്റുകള്‍ നിര്‍ത്തിയിട്ട് പുതിയ കേസുകള്‍ ഇല്ലെന്ന് പറയുന്നത് വസ്തുതാപരമായി തെറ്റാണെന്ന് മാത്രമല്ല, അത്യന്തം അപകടകരവുമാണ്.

2. സ്‌കൂളുകളിലേയും സര്‍വ്വകലാശാലകളിലേയും പരീക്ഷകള്‍ മാറ്റിവയ്പ്പിക്കണമെന്ന് നിരവധി രക്ഷിതാക്കളും അദ്ധ്യാപകരും എന്നോട് നിരന്തരം അഭ്യര്‍ത്ഥിക്കുകയാണ്. ഇപ്പോഴത്തെ അന്തരീക്ഷത്തില്‍ പരീക്ഷ നടത്തുന്നത് കുട്ടികളെയും രക്ഷിതാക്കളെയും വല്ലാത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കും. അങ്ങനെ മാനസിക സമ്മര്‍ദ്ദത്തിനടിമപ്പെട്ട് പരീക്ഷ എഴുതുന്നത് നല്ലതല്ല. അതിനാല്‍ സ്‌കൂളുകളിലെയും കോളേജുകളിലേയും സര്‍വ്വകലാശാലകളിലേയും എല്ലാ പരീക്ഷകളും തത്ക്കാലത്തേക്ക് മാറ്റിവയ്ക്കണം.

3. മിറ്റിഗേഷന്‍ അഥവാ ലഘൂകരണ രീതിയില്‍ ഏറ്റവും സുപ്രധാനമാണ് ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്നത്. ഇതിനായി സംസ്ഥാനത്തെ ഓരോ ജില്ലയിലും ഇപ്പോള്‍ ലഭ്യമായ മൊത്തം ആശുപത്രി കിടക്കകള്‍, ഐ സി യുകള്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ എന്നിവരുടെ എണ്ണം എടുക്കണം. ഈ രേഖകള്‍ പൊതുജനങ്ങള്‍ക്കായി പ്രസിദ്ധപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. കേരളത്തില്‍ സര്‍ക്കാര്‍ മേഖലയെപോലെതന്നെയോ ചിലപ്പോള്‍ അതിനെക്കാള്‍ മികച്ച രീതിയിലോ ആരോഗ്യമേഖലയില്‍ സംഭാവനകള്‍ നല്‍കുന്നത് സ്വകാര്യമേഖലയാണ്. അവരെക്കൂടി മിറ്റിഗേഷന്‍ അഥവാ ലഘൂകരണ രീതിയില്‍ പങ്കാളികളാക്കണം.

4. ആശുപത്രികളില്‍ ഇവര്‍ക്ക് വേണ്ട സുരക്ഷാ ഉപകരണങ്ങളായ മാസ്‌കുകള്‍, ഗൗണുകള്‍, ഏപ്രണുകള്‍ എന്നിവ ഉറപ്പുവരുത്തണം. കൊറോണ പോലുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ പ്രതിരോധിക്കുന്നതിന് മര്‍മ്മ പ്രധാനമാണ് വെന്റിലേറ്ററുകള്‍. എല്ലാ ആശുപത്രിയിലും വെന്റിലേറ്റര്‍ സൗകര്യം ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം.സംസ്ഥാനത്തെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ എന്നിവര്‍ക്ക് കോറോണയെ നേരിടാനുള്ള ട്രെയിനിംഗ് ലഭ്യമാക്കണം. ഇവര്‍ക്ക് അസുഖം പിടിപെടാതെ നോക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇവര്‍ക്ക് അസുഖം ബാധിച്ചാല് അത് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു വലിയ ആഘാതം സൃഷ്ടിക്കും. എത്ര കണ്ട് സുരക്ഷാ സംവിധാനങ്ങള്‍ ഇവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ഉണ്ട് എന്നകാര്യത്തില്‍ ഇപ്പോള്‍ സംശയമുണ്ട്.

5. സര്‍ക്കാര്‍ ആശുപത്രികള്‍ കൂടാതെ എന്‍ എ ബി എച്ച്‌ അംഗീകാരമുള്ള മറ്റു സ്വകാര്യ ആശുപത്രികളുടെയും, അവിടുത്തെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ എന്നിവരുടെയും സേവനം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കേണ്ടതാണ്.

6. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിര്‍ദ്ദേശിക്കുന്നത് പോലെ ജനങ്ങള്‍ പരിഭ്രാന്തരാകുന്ന രീതിയിലുളള വിവരങ്ങള്‍ പുറത്ത് വിടാതിരിക്കുക.

7. മറ്റൊരു സുപ്രധാനമായ കാര്യമാണ് ഹോസ്പിറ്റലുകളിലെ തിരക്ക് നിയന്ത്രിക്കുക എന്നത്. ഇതിനായി ആശുപത്രികളില്‍ സന്ദര്‍ശകര്‍ക്കും, മെഡിക്കല്‍ റെപ്രസെന്ററിവുകള്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണം.

8. കൊറോണാബാധിത രാജ്യങ്ങളില്‍ നിന്ന് നമ്മുടെ വിമാനത്താവളങ്ങളില്‍ വന്നിറങ്ങുന്ന യാത്രക്കാരില്‍ നിന്ന് സെല്‍ഫ് ഡിക്‌ളറേഷന്‍ അഥവാ സ്വയം പ്രഖ്യാപിത പത്രം എഴുതിവാങ്ങുന്നതിന് പകരം അവരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ശേഖരിച്ച്‌ ട്രാവല്‍ ഹിസ്റ്ററി മനസിലാക്കി ആവശ്യമുള്ളവരെ വീട്ടിലോ ആശുപത്രിയിലോ ക്വാറന്റൈന്‍ ചെയ്യാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. ഇത് കുറ്റമറ്റ രീതിയില്‍ ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുകയും വേണം.

9 അന്താരാഷ്ട്ര നാണയ നിധി (ഐ എം എഫ്) തന്നെ ഇന്ത്യയടക്കമുള്ള കൊറോണാ ബാധിത രാജ്യങ്ങളുടെ സാമ്ബത്തിക മാന്ദ്യം ജന ജീവിതത്തിന്റെ താളം തെറ്റിച്ചിരിക്കുകയാണെന്ന് സൂചിപ്പിച്ചിട്ടുണ്ട്. കേരളത്തിലും ഈ സ്ഥിതി വിശേഷം സംജാതമായിട്ടുണ്ട്. കൊറോണാ ഭീതി മൂലം പല വ്യാപാരസ്ഥാപനങ്ങളും, ഷോപ്പിംഗ് മാളുകളും, കച്ചവട കേന്ദ്രങ്ങളും പൂട്ടുകയോ പൂട്ടലിന്റെ വക്കത്തെത്തുകയോ ചെയ്തിരിക്കുകയാണ്. എല്ലാ നിലയിലും സാമ്ബത്തിക മാന്ദ്യമാണ് ഇത് മൂലം ഉണ്ടായിരിക്കുന്നത്. ഇത് മുന്‍ നിര്‍ത്തി കേരള സര്‍ക്കാര്‍ ഒരു സാമ്ബത്തിക സമാശ്വാസ പാക്കേജ് പ്രഖ്യാപിക്കേണ്ടതാണ്.

കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില വര്‍ധിപ്പിച്ചതില്‍ നിന്നുള്ള അധിക നികുതി സംസ്ഥാന സര്‍ക്കാര്‍ വേണ്ടെന്ന് വയ്ക്കണം. നിലവില്‍ ചെറുകിട കച്ചവടക്കാരുള്‍പ്പെടയുള്ളവര്‍ എടുത്തിരിക്കുന്ന വായ്പകള്‍ക്ക് സര്‍ക്കാര്‍ ഇടപെട്ട് മൊറൊട്ടോറിയം പ്രഖ്യാപിക്കേണ്ടതാണ്.

10 ശാസ്ത്രീയമായതും, തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതുമായ ചികിത്സാ സമ്ബ്രദായങ്ങളെ മാത്രമേ ഈ അവസരത്തില്‍ സര്‍ക്കാര്‍ പ്രോത്സഹിപ്പിക്കാവൂ. വിദഗ്ധരായ ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച്‌ മാത്രമേ ജനങ്ങള്‍ ചികിത്സ തേടാവൂ എന്നും ജനങ്ങളെ ബോധവത്കരിക്കണം.