കള്ളം പറയരുത്, രജിത് കുമാർ കാലടി സംസ്കൃത സർവകലാശാലയിലെ അധ്യാപകനല്ല

single-img
15 March 2020

കഴിഞ്ഞ ദിവസം ബിഗ്ബോസ് റിയാലിറ്റി ഷോയിൽ നിന്നും പുറത്തായ ഡോ. രജിത് കുമാർ കാലടി സംസ്കൃത സർവകലാശാലയിലെ അധ്യാപകാണെന്ന പ്രചരണത്തിനെതിരെ സോഷ്യൽ മീഡിയ. സ്ത്രീവിരുദ്ധ പരാമർശങ്ങളിലൂടെയും അശാസ്ത്രീയ വാദങ്ങളിലൂടെയും കുപ്രസിദ്ധനായ രജിത് കുമാർ കാലടി സർവകലാശാലയിലെ അധ്യാപകനല്ല എന്നാണ് സർവകലാശാലയുമായി ബന്ധപ്പെട്ടവർ പറയുന്നത്. 

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിക്കു കീഴിലുള്ള കാലടി, മറ്റൂർ ശ്രീശങ്കരാ കോളേജിലാണ് അയാൾ പഠിപ്പിച്ചിരുന്നതെന്നും അറിഞ്ഞോ അറിയാതെയോ ആ സമ്പൂർണ സ്ത്രീവിരുദ്ധന്റെ പേരിനൊപ്പം കാലടി സംസ്കൃത സർവകലാശാലയെ കൂട്ടിക്കെട്ടരുതെന്നും സമൂഹമാധ്യമങ്ങളിലൂടെ പലരും ചൂണ്ടിക്കാട്ടുന്നു. 

ഇതിൽ കുമാറിനെ സംബന്ധിച്ച് പുറത്തുവരുന്ന വാർത്തകളിലെല്ലാം അദ്ദേഹം കാലടി സംസ്കൃത സർവകലാശാലയിലെ ബോട്ടണി അധ്യാപകനെന്നാണ് കാണുന്നത്. അതു ശരിയല്ല. കാലടിയിലെ മറ്റൂർ ശ്രീശങ്കരാ കോളേജിലെ അധ്യാപകനായിരുന്നു അദ്ദേഹം. സ്ത്രീവിരുദ്ധ പരാമർശങ്ങൾ ലൂടെ ശ്രദ്ധേയനായ രജിത് കുമാർ കാലടി സംസ്കൃത സർവകലാശാലയിൽ അധ്യാപകനാണെന്നു പറയുന്നത് പ്രസ്തുത സർവകലാശാലയ്ക്ക് നാണക്കേടാണെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. 

സ്ത്രീവിരുദ്ധവും അബദ്ധ ജഡിലവുമായ പരാമർശങ്ങളിലൂടെ എക്കാലവും വിവാദങ്ങളിൽ നിറഞ്ഞുനിന്ന ഡോക്ടർ രജിത് കുമാറിനെ കഴിഞ്ഞ ദിവസം ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്നും പുറത്താക്കിയിരുന്നു. ബിഗ് ബോസ് സീസൺ രണ്ടിൽ ഏറ്റവുമധികം പ്രേക്ഷക പിന്തുണ ഉള്ളയാളായിരുന്നു ഡോ. രജിത്കുമാർ.. എന്നാൽ കഴിഞ്ഞ ആഴ്ച രു ടാസ്‌കിനിടെ രേഷ്മയുടെ കണ്ണിൽ രജിത് കുമാർ മുളക് തേച്ചതിനെത്തുടർന്നു രജിത് കുമാറിന് താത്കലികമായി പുറത്തേക്ക് പോകേണ്ടി വരികയായിരുന്നു. 

അന്ന് രജിത്തിനെ താത്കാലികമായാണ് പുറത്താക്കിയത്. എന്നാൽ ഇതിന് ശേഷം അന്തിമ തീരുമാനം രേഷ്മയുടെ മറുപടി പ്രകാരം കഴിഞ്ഞ ദിവസം  കൈക്കൊള്ളുകയായിരുന്നു. ക്ഷമിക്കണമെന്ന് പറഞ്ഞ രജിത്തിനോട് രേഷ്മയുടെ മറുപടി ‘ക്ഷമിച്ചിരിക്കുന്നു എന്നായിരുന്നുവെങ്കിലും ബിഗ് ബോസിൽ ഡോ. രജിത്ത് തുടരുന്നതിനോട് താല്‍പര്യമില്ല’ എന്നുള്ളതാണ് രേഷ്മ വ്യക്തമാക്കിയത്.