കൊറോണ: സാര്‍ക്ക് രാജ്യങ്ങളുടെ വീഡിയോ കോണ്‍ഫറന്‍സില്‍ നാളെ മോദി പങ്കെടുക്കും

single-img
15 March 2020

ദില്ലി: ലോകമാകെ നോവല്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിനിടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംയുക്ത പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനായി സാര്‍ക്ക് രാജ്യങ്ങളുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ നാളെ പ്രധാനമന്ത്രി മോദി പങ്കെടുക്കും. ഞായറാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന കോണ്‍ഫറന്‍സില്‍ മോദി പങ്കെടുക്കുന്ന കാര്യം വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാറാണ് ട്വിറ്റര്‍ വഴി അറിയിച്ചത്. “പൊതുനന്മയ്ക്കായി ഒത്തുചേരുക! സാര്‍ക്ക് അംഗരാജ്യങ്ങളുടെ വീഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ നയിക്കും.” ഇത് സംബന്ധിച്ച് ട്വിറ്ററില്‍ മന്ത്രാലയ വക്താവ് വ്യക്തമാക്കി.

കൊറോണ വൈറസിനെതിരേയുള്ള പോരാട്ടത്തിനായി സാര്‍ക്ക് രാജ്യങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥന നിലവില്‍ സാര്‍ക്ക് അധ്യക്ഷനായ പാകിസ്താന്‍ അംഗീകരിച്ചിരുന്നു. പാക് നയതന്ത്ര വിദഗ്ധനായ അംജദ് ഹുസൈന്‍ ബി സിയാല്‍ ആണ് നിലവില്‍ സാര്‍ക്കിന്റെ ജനറല്‍ സെക്രട്ടറി. പാകിസ്താനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. നിര്‍ദ്ദിഷ്ട വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രത്യേക ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനെ നിയോഗിച്ചിട്ടുണ്ടെന്ന് പാകിസ്താന്‍ വിദേശകാര്യ വാക്താവ് അറിയിച്ചിരുന്നു. ആഗോളതലത്തിലും പ്രാദേശിക തലത്തിലും ഏകോപനം വേണ്ടതിന്റെ ആവശ്യകത അംഗീകരിച്ച് സാര്‍ക്ക് രാജ്യങ്ങളുടെ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുമെന്നാണ് ഇതുസംബന്ധിച്ച് വിദേശകാര്യ വക്താവിന്റെ ട്വിറ്ററിലൂടെയുള്ള പ്രതികരണം.