വേനൽക്കാലം ആഘോഷിക്കുവാൻ ഗവർണർ ആരിഫ് ഖാൻ പൊൻമുടിയിൽ: മൂന്നുദിവസത്തെ താമസം ഡോക്ടറുടെയും 40 പൊലീസുകാരുടെയും സാന്നിദ്ധ്യത്തിൽ

single-img
15 March 2020

സംസ്ഥാനം കൊറോണ ഭീതിയിൽ പെട്ടുഴലുമ്പോൾ വിനോദ സഞ്ചാര കേന്ദ്രത്തിൽ ഉല്ലാസയാത്രയ്ക്കു പോയി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരം ജില്ലതയിലെ പൊൻമുടിയിലേക്കാണ് ഗവർണറും സംഘവും മൂന്നു ദിവസത്തെ യാത്രയ്ക്കു പോയതെന്നാണ് പുറത്തു വരുന്ന സൂചനകൾ. സംസ്ഥാനത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ എല്ലാ തിരക്കുകളും മാറ്റി വച്ച് കൊറോണ വൈറസ് ബാധക്കെതിരെ പൊരുതുമ്പോഴാണ് ഗവർണറും സംഘവും ഉല്ലാസ യാത്ര നടത്തുന്നത്. 

സംസ്ഥാന തലസ്ഥാനത്തെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയിൽ മൂന്നു ദിവസത്തെ സന്ദർശനത്തിന് ഗവർണറും സംഘവുമെത്തിയെന്നാണ് ലഭിക്കുന്ന സൂചനകൾ. പൊൻമുടിയിൽ എത്തിയ ഗവർണർക്കും സംഘത്തിനുമായി ഗസ്റ്റ് ഹൗസിൽ ഏഴു മുറികളും കെ ടി ഡി സി യുടെ ഹോട്ടലിൽ മൂന്ന് മുറികളും ബുക്ക് ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. 

നാൽപതോളം പോലീസുകാരുടെ സുരക്ഷയിലാണ് ഗവർണർ പൊൻമുടിയിൽ എത്തിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. സംഘത്തോടൊപ്പം ഒരു ഡോക്ടർ കൂടി ഗവർണറെ അനുഗമിക്കുന്നുണ്ടെന്നും സൂചനകളുണ്ട്. മൂന്നു ദിവസത്തേക്കാണ് മുറികൾ ബുക്ക് ചെയ്തിരിക്കുന്നതെന്നും ഗവർണറുടെ സന്ദർശനം സംബന്ധിച്ച് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നു. 

ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിൽ ഉൾപ്പെടെയുള്ള എല്ലാ പൊതുപരിപാടികളും റദ്ദാക്കി സംസ്ഥാനം കൊറോണക്കെതിരെ അതീവ ജാഗ്രതയിൽ മുൻകരുതൽ എടുക്കുമ്പോഴാണ് ഗവർണറുടെ വിനോദയാത്ര. സിനിമ തീയറ്ററുകൾ ഉൾപ്പെടെ അടച്ചിട്ടും ജനങ്ങൾ സർക്കാർ നിർദേശങ്ങളോട് പരമാവധി സ്വീകരിക്കുകയാണ്. അതിനിടയിലാണ് ജനങ്ങൾക്ക് സുരക്ഷ  ഒരുക്കേണ്ട നാല്പതോളം പോലീസുകാരുമായി ഗവർണർ പൊന്മുടിയിലേക്ക് എത്തിയിരിക്കുന്നത്.