നാല് എംഎല്‍എമാര്‍ ഗവര്‍ണര്‍ക്ക്‌ രാജി സമര്‍പ്പിച്ചു; ഗുജറാത്തിലും കോണ്‍ഗ്രസിന് കാലിടറുന്നു

single-img
15 March 2020

രാജ്യസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയിരിക്കവേ ഗുജറാത്തിൽ നിന്നും തങ്ങളുടെ എംഎല്‍എമാരെ രാജസ്ഥാനിലേക്ക് മാറ്റുന്നതിനിടെ കോണ്‍ഗ്രസിന് തിരിച്ചടി. സംസ്ഥാനത്തുനിന്നും കോണ്‍ഗ്രസിന്റെ നാല് എംഎല്‍എമാര്‍ രാജിക്കത്ത് ഗവര്‍ണര്‍ക്ക് നൽകി കഴിഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ദിവസം 14 എംഎല്‍എമാരുടെ സംഘത്തെ കോണ്‍ഗ്രസ് ജയ്പൂരിലേക്ക് അയച്ചിരുന്നു.

ആ കൂട്ടത്തിൽ ഇപ്പോൾ രാജിവെച്ച നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നില്ല. ജെ വി കക്കഡിയ, സോമാഭായ് പട്ടേല്‍ എന്നിവരുള്‍പ്പെടെ നാല് എംഎല്‍ എമാരാണ് രാജി സമര്‍പ്പിച്ചത്. അതേസമയം തങ്ങളുടെ പാർട്ടിയിൽ നിന്നും എംഎല്‍എമാര്‍ രാജി വെച്ചതായി വന്ന വാർത്തകളെ കോണ്‍ഗ്രസ് എംഎല്‍എ വിര്‍ജിഭായ് തുമ്മാര്‍ തള്ളി.

അത്തരത്തിൽ മാധ്യമങ്ങളിൽ അഭ്യൂഹങ്ങള്‍ കേള്‍ക്കുന്നുണ്ടെങ്കിസും പാര്‍ട്ടിക്ക് ഒരു രാജിക്കത്തും ലഭിച്ചിട്ടില്ല എന്ന് വിര്‍ജിഭായ് തുമ്മാര്‍ പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ നാലില്‍ രണ്ട് സീറ്റുകളില്‍ വിജയിക്കാനുള്ള അംഗ സംഖ്യ 182 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഉണ്ട്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ 37 വോട്ടാണ് ഒരു സീറ്റില്‍ വിജയിക്കാന്‍ വേണ്ടത്.