കൊവിഡ് 19; ഉപയോഗിച്ച മാസ്‌കുകള്‍ വലിച്ചെറിയരുത്, പകരം ചെയ്യേണ്ട കാര്യങ്ങള്‍, സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ പുറപ്പെടുവിച്ചു

single-img
15 March 2020

കൊച്ചി: കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ രാജ്യം അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്‌നമാണ് കുന്നുകൂടുന്ന മാസ്‌കുകള്‍. ഉപയോഗശേഷം മാസ്‌കുകള്‍ എങ്ങിനെ ഇല്ലാതാക്കണം എന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് കൃത്യമായ അവബോധമില്ല. ഇക്കാര്യം തിരച്ചറിഞ്ഞ് പരിഹാര നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഉപയോഗശേഷം മാസ്‌കുകള്‍ എന്തു ചെയ്യണമെന്നും,തുടര്‍ന്ന് സ്വീകരിക്കേണ്ട നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തി കേന്ദ്രം പ്രോട്ടേക്കോള്‍ പുറപ്പെടുവിച്ചു കഴിഞ്ഞു.

രോഗികള്‍ ഉപയോഗിച്ച മാസ്‌ക് അണുവിമുക്തമാക്കിയ ശേഷം നശിപ്പിച്ചു കളയണമെന്നാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിക്കുന്നത്.. ഇത്തരം മാസ്‌ക്കുകള്‍ ഇന്‍സിനറേറ്ററുകളില്‍ ഇട്ട് കത്തിച്ചു കളയുകയോ ആഴത്തില്‍ കുഴിച്ചിടുകയോ ചെയ്യുന്നതാവും ഉചിതമെന്ന് മന്ത്രാലയം പുറത്തിറക്കിയ ചട്ടത്തില്‍ പറയുന്നു.

രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും എണ്ണം വര്‍ധിക്കുമ്‌ബോള്‍ മാസ്‌കുകളും കുന്നുകൂടുന്ന സ്ഥിതിയാണ്. അതിനിടെ ഉപയോഗ ശേഷം ഇത്തരം മാസ്‌കുകള്‍ എന്തുചെയ്യണമെന്ന സംശയവും ഉയര്‍ന്നിരുന്നു. അഞ്ച് ശതമാനം വീര്യമുള്ള ബ്ലീച്ച് ലായനി ഉപയോഗിച്ചോ ഒരു ശതമാനം വീര്യമുള്ള സോഡിയം ഹൈപ്പോ ക്ലോറൈറ്റ് ലായനി ഉപയോഗിച്ചോ അണുവിമുക്തമാക്കിയ ശേഷം നശിപ്പിച്ചു കളയണമെന്നാണ് മന്ത്രാലയം നിര്‍ദേശിക്കുന്നത്.

ഒരിക്കല്‍ ഉപയോഗിച്ച മാസ്‌ക് ഒരു കാരണവശാലും വീണ്ടും ഉപയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്. അതുപോലെ മാസ്‌ക് നീക്കം ചെയ്യുമ്‌ബോള്‍ അണുബാധയ്ക്കു സാധ്യതയുള്ളതിനാല്‍ വള്ളിയില്‍ (സ്ട്രിങ്) പിടിച്ച് മാത്രമേ എടുക്കാവൂ എന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

മാസ്‌കുകള്‍ കഴുത്തില്‍ തൂക്കിയിട്ടു നടക്കരുത്. ഒരു മാസ്‌ക് 6 മുതല്‍ 8 വരെ മണിക്കൂറില്‍ കൂടുതല്‍ ഉപയോഗിക്കാതിരിക്കുന്നാണ് നല്ലത്. അതേസമയം, ആരോഗ്യമുള്ള ആള് മാസ്‌ക് ധരിക്കുന്നതുമൂലം രോഗ പ്രതിരോധം ലഭിക്കും എന്നതിന് ശാസ്ത്രീയ തെളിവില്ല. മറിച്ച് കൂടുതല്‍ സമയം മാസ്‌ക് ധരിക്കുന്നത് രോഗത്തിലേക്ക് വലിച്ചടുപ്പിക്കുകയും ചെയ്യും.

സോപ്പും വെള്ളവും ഉപയോഗിച്ച് 40 സെക്കന്‍ഡ് കൈകഴുകിയാല്‍ വൈറസിനെ ഒരു പരിധിവരെ തടയാം. 70 ശതമാനം ആല്‍ക്കഹോള്‍ കലര്‍ന്ന സാനിറ്റൈസറാണെങ്കില്‍ 20 സെക്കന്‍ഡ് ഇരുകൈകളും കൂട്ടി തിരുമ്മുകയും വിരലുകള്‍ പരസ്പരം കോര്‍ത്ത് ലായനി തേച്ചു പിടിപ്പിക്കുകയും ചെയ്യണം. കൈകളില്‍ അഴുക്കു പറ്റിയിട്ടുണ്ടെങ്കില്‍ സോപ്പും വെള്ളവും മാത്രം ഉപയോഗിക്കുക. സ്വയം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതാണ് രോഗം ബാധിക്കാതിരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം.