`ഞാനൊരു യുവാവല്ലേ, എനിക്കു ജോലിക്കു പോകണ്ടേ?´ വിദേശത്തുനിന്നെത്തിയ യുവാവ് വീട്ടില്‍ നിന്നും മുങ്ങി

single-img
15 March 2020

കെറോണ ബാധിതമേഖലയില്‍ നിന്ന് വന്ന യുവാവ് നിർദ്ദേശങ്ങൾ ലംഘിച്ച് വീടിനു പുറത്തു പോയതിനെതിരെ നടപടി. വിദേശത്തു നിന്നുമെത്തിയ യുവാവ് ആരോഗ്യവകുപ്പിൻ്റെ നിര്‍ദേശം ലംഘിച്ച് പുറത്തുപോയതിനെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവു  അറിയിച്ചു. ഇയാളെ കസ്റ്റഡിയിലെടുത്ത് വീണ്ടും പരിശോധനക്ക് വിധേയനാക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. കോഴിേക്കാട് നഗരത്തിലാണ് സംഭവം.

ഇത്തരം സംഭവങ്ങളെ കര്‍ശനമായി നേരിടുമെന്ന് കലക്ടര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ജാഗ്രതാനിര്‍ദേശങ്ങളെ  നിസാരമായി കാണരുത്. താന്‍ യുവാവാണ് ജോലിക്ക് പോകണ്ടെ എന്നെല്ലാം പറഞ്ഞാണ് യുവാവ് വീട്ടില്‍ കഴിയാതെ പുറത്തിറങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. 

ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടിട്ടില്ല. എന്നാല്‍പോലും കൊറോണബാധിത മേഖലയില്‍ നിന്ന്  വന്നയാള്‍ എന്ന നിലയില്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥനാണ്.

ജില്ലയില്‍ ഓഡിറ്റോറിയങ്ങള്‍ പൊതു പരിപാടികള്‍ക്കും വിവാഹങ്ങള്‍ക്കും അനുവദിക്കുന്നതിന് നിരോധനം ഏര്‍പെടുത്തുമെന്നും ഇതു സംബന്ധിച്ച് ഉടന്‍ ഉത്തരവിറക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.