കൊവിഡ് 19 -ന്റെ പേരിലും തട്ടിപ്പ്, വീട്ടിൽ ഡോക്ടർമാരുടെ വേഷത്തിൽ പരിശോധനയ്‌ക്കെത്തിയത് കള്ളന്മാർ

single-img
14 March 2020

സ്പെയിൻ: ലോകത്തെ മുഴുവൻ ഭീതിയിൽ ആഴ്ത്തിക്കൊണ്ട് കൊറോണ വെെറസ് മഹാമാരിയായി വ്യാപിക്കുകയാണ്. രാജ്യങ്ങളുടെ അതിർത്തികൾ അടച്ചിട്ടു പോലും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. ഇതിനോടകം തന്നെ 5000ലധികം പേരുടെ ജീവൻ കവർന്ന കൊറോണയെ പേടിച്ച് എല്ലാ തൊഴിൽ മേഖലകളും സ്തംഭിച്ചിരിക്കുകയാണ്. എന്നാൽ കള്ളന്മാർ മാത്രം ഇതിനെ ഈ ഭയത്തെ അവർക്ക് അനുകൂലഘടകമാക്കി പ്രവർത്തിക്കാൻ ഒരുങ്ങിയിരിക്കുകയാണ്. അതു കൊണ്ട് തന്നെ ഇന്നലെ ബാഴ്‌സലോണ പൊലീസിന് കൊവിഡ് 19 സംബന്ധിച്ച സാധാരണ മുന്നറിയിപ്പുകൾക്കിടയിൽ വേറിട്ട ഒരു അറിയിപ്പുകൂടി പുറത്തിറക്കേണ്ടി വന്നു.

കൊറോണാ പരിശോധനയ്ക്ക് എന്നും പറഞ്ഞ് ആരെങ്കിലും വന്നാൽ ഉടനടി പൊലീസിൽ വിവരമറിയിക്കണം എന്നായിരുന്നു നോട്ടീസിൽ. രണ്ടു ദിവസം മുമ്പ് നഗരത്തിലെ ഡോക്ടർമാരുടെ വേഷമണിഞ്ഞെത്തി രണ്ടു സ്ത്രീകളും ഒരു പുരുഷന്മാരും ചേർന്ന് തട്ടിപ്പു നടത്താൻ ശ്രമിച്ചതോടെയാണ് ഇങ്ങനെ ഒരു നടപടിയുണ്ടായത്. സ്‌പെയിൻ ഇതുവരെ നൂറോളം പേർ കൊവിഡ് 19 ബാധിച്ചു മരിച്ചിട്ടുണ്ട്. പ്രസ്തുത സാഹചര്യത്തിൽ ജനങ്ങൾ ആശങ്കാകുലരാണ്. ഇതുമുതലെടുത്തായിരുന്നു തട്ടിപ്പു നടത്താനുള്ള ശ്രമമുണ്ടായത്.

ഒരു പ്രായമായ സ്ത്രീ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഫ്ലാറ്റിനുള്ളിലേക്കാണ് കൊറോണാ വൈറസ് പരിശോധനയ്ക്ക് എന്നും പറഞ്ഞ് ഡോക്ടർമാരുടെ വേഷമിട്ട തട്ടിപ്പുകാർ വന്നത്. അവരെ ഗ്രില്ലിനു പുറത്തു നിർത്തി സംസാരിച്ച ആ സ്ത്രീക്ക് വന്നവരുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നി. അവർ അകത്തുചെന്ന് പൊലീസിന് ഫോൺ ചെയ്തപ്പോഴേക്കും തട്ടിപ്പുകാർ സ്ഥലം വിടുകയും ചെയ്തു.

സ്വയം ഐസൊലേഷനിൽ കഴിയുന്ന ഏതൊരു രോഗിയെയും പരിശോധിക്കാൻ വേണ്ടി ആൾ വരുന്നതിനു മുമ്പ് നേരത്തെ വിളിച്ച് അപ്പോയിന്റ്മെന്റ് ഫിക്സ് ചെയ്യും എന്നും, വിളിച്ചു പറയാതെ ആരുവന്നാലും വാതിൽ തുറന്നു കൊടുക്കേണ്ടതില്ല എന്നുമാണ് സ്പാനിഷ് പോലീസിന്റെ നിർദേശം.