അന്നത്തെ കുട്ടികുറുമ്പികൾ ഇന്ന് മലയാളത്തിന്റെ ഹൃ​ദയം കവർന്ന നായികമാർ

single-img
14 March 2020

മലയാളികളുടെ മനം കവര്‍ന്ന നായികമാരാണ് താരപുത്രിമാരായ കീര്‍ത്തി സുരേഷും കല്യാണി പ്രിയദര്‍ശനും. മലയാളത്തിന് പുറമേ തമിഴിലെയും തെലുങ്കിലേയും പ്രിയ താരങ്ങളാണ് ഇരുവരും. ഇരുവരുമൊരുമിച്ചുള്ള ഒരു കുട്ടിക്കാല ചിത്രമാണ് ഇപ്പോൾ സോഷ്യല്‍മീഡിയയിലെ സംസാര വിഷയം.

കീര്‍ത്തിയായിരുന്നു ആദ്യം സിനിമയിലേക്ക് എത്തിയത്. സിനിമാ പ്രേക്ഷകരുടെ പ്രിയ നടി മേനകയുടേയും നിര്‍മ്മാതാവ് സുരേഷ് കുമാറിന്റേയും മകളാണ് കീര്‍ത്തി. ബാലതാരമായി അഭിനയിച്ചിട്ടുള്ള കീര്‍ത്തി നായികയായി അരങ്ങേറുന്നത് ഗീതാഞ്ജലിയിലൂടെയായിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഡബിള്‍ റോളിലായിരുന്നു കീര്‍ത്തി അഭിനയിച്ചത്. പോയ വര്‍ഷം മഹാനടിയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും കീര്‍ത്തിയെ തേടിയെത്തി.

കല്യാണി ആദ്യം അഭിനയിച്ചത് തെലുങ്കിലായിരുന്നു. ഹലോ ആയിരുന്നു അരങ്ങേറ്റ ചിത്രം. ഇതിന് മുമ്പ് അസിസ്റ്റന്‍റ് ആര്‍ട്ട് ഡയറക്ടറായും മറ്റും കല്യാണി സിനിമയുടെ ഭാഗമായിരുന്നു. കൃഷ് ത്രി, ഇരുമുഖന്‍ തുടങ്ങിയ ചിത്രങ്ങളുടെ പിന്നണയില്‍ കല്യാണി പ്രവര്‍ത്തിച്ചു. ഇതിന് ശേഷമായിരുന്നു അഭിനയത്തിലെ അരങ്ങേറ്റം.

പിന്നെ മൂന്ന് വര്‍ഷത്തിന് ശേഷമാണ് കല്യാണി മലയാളത്തിലെത്തുന്നത്. അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് ആയിരുന്നു കല്യാണിയുടെ ആദ്യ മലയാള ചിത്രം. ദുല്‍ഖര്‍ സല്‍മാന്‍, സുരേഷ് ഗോപി, ശോഭന എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാറാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം. മോഹന്‍ലാല്‍ ചിത്രത്തില്‍, പ്രണവ് മോഹന്‍ലാലാണ് കല്യാണിയുടെ നായകന്‍.

കുട്ടിക്കാലത്ത് പങ്കെടുത്തൊരു പരിപാടിയില്‍ നിന്നുമുള്ള ഇരുവരുടേയും ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഒരാള്‍ കസേരയില്‍ ഇരിക്കുമ്പോള്‍ മറ്റൊരാള്‍ അടുത്തു തന്നെ നില്‍ക്കുകയാണ്. തോളില്‍ കൈയ്യിട്ടാണ് നില്‍ക്കുന്നത്. നല്ല കൂട്ടുകാരികളാണ് രണ്ടു പേരുമെന്ന് ചിത്രം പറയുന്നു. ഈ കുസൃതിക്കുടുക്കകളാണല്ലോ ഇപ്പോ വളര്‍ന്ന് വലിയ നായികമാരായി മാറിയതെന്ന് അമ്പരക്കുകയാണ് സോഷ്യല്‍ മീഡിയ.