കൊറോണയെ ഭയമില്ല, അമിത് ഷായും മോദിജിയും തങ്ങളെ ആലോചിച്ച് വിഷമിക്കേണ്ടതില്ലെന്ന് ഷഹീന്‍ബാഗ് പ്രതിഷേധക്കാര്‍

single-img
14 March 2020

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളിൽ നിന്നും കൊറോണ ഭീതി പരത്തി തങ്ങളെ ഒഴിപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് ഷഹീന്‍ബാഗ് പ്രതിഷേധക്കാര്‍. അന്തരീക്ഷത്തിലെ തണുപ്പോ മഴയോ വകവെക്കാതെയാണ് പ്രതിഷേധം നടത്തുന്നതെന്നും അതിനാൽ തങ്ങൾക്ക് കൊവിഡ് പേടി ഇല്ലെന്നും അവര്‍ പറഞ്ഞു.പ്രതിഷേധക്കാർക്ക് ആവശ്യത്തിന് സാനിറ്റൈസറുകളും ഡെറ്റോളും ഉള്‍പ്പെടെയുള്ളവ സ്ത്രീകള്‍ക്ക് കൈകള്‍ വൃത്തിയാക്കുന്നിനായി നല്‍കുന്നുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രി മോദിജിയും തങ്ങളെ ആലോചിച്ച് വിഷമിക്കേണ്ടെന്നും തങ്ങള്‍ സ്വയം പരിപാലിക്കുന്നുണ്ടെന്നും പ്രതിഷേധക്കാരില്‍ ഒരാളായ സ്ത്രീ ഒരു ദേശീയ മാധ്യമത്തിനോട് പറഞ്ഞു. അതേസമയം ആരുംതന്നെ പ്രതിഷേധവേദിയിലേക്ക് കുട്ടികളെ കൊണ്ടുവരരുതെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതോടൊപ്പം കൊവിഡ് 19ന്‍റെ ലക്ഷണങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണവും പ്രതിരോധനടപടികളും പ്രതിഷേധക്കാര്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നുണ്ട്.

ഡൽഹിയിൽ നടന്ന കലാപങ്ങളിൽ സത്യസന്ധമായ അന്വേഷണം വേണമെന്നും ഇരകള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. യുപിയിൽ നിന്നും ആളുകള്‍ എങ്ങനെയാണ് വടക്കുകിഴക്കന്‍ ഡൽഹിയിൽ എത്തുകയും അവിടെ കലാപത്തിന് തുടക്കമിട്ടതെന്നും അന്വേഷിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.