വിവരാവകാശ നിയമപ്രകാരം അപേക്ഷ ഓൺലൈനിൽ സമർപ്പിക്കാം; പോർട്ടൽ സംവിധാനം ഒരുക്കി 13 സംസ്ഥാന സര്‍ക്കാരുകള്‍

single-img
14 March 2020

വിവരാവകാശ നിയമപ്രകാരം അപേക്ഷകള്‍ നല്കാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ വേണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹർജിയിൽ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനം നടപ്പിലാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി 13 സംസ്ഥാന സര്‍ക്കാരുകള്‍ അറിയിച്ചു.

യുപി, ഹരിയാന, പഞ്ചാബ്, ബീഹാര്‍, പശ്ചിമ ബംഗാള്‍, കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത്, മേഘാലയ, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാങ്ങളാണ് പ്രവാസി ഇന്ത്യക്കാര്‍ക്ക് നിയമ സഹായം നല്‍കുന്ന പ്രവാസി ലീഗല്‍ സെല്‍ മുഖേനെ സുപ്രിം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ മറുപടി നല്‍കവെ ഇത് വ്യക്തമാക്കിയത്. അതേസമയം നാഗാലാന്റും, അരുണാചല്‍ പ്രദേശും വിവരാവകാശ അപേക്ഷകള്‍ നല്‍കാനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ നിലവില്‍ ലഭ്യമാണെന്നും അറിയിച്ചു.

ഇപ്പോൾ രാജ്യത്തെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മഹാരാഷ്ട്ര, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലും മാത്രമാണ് 2005 വിവരാവകാശ നിയമപ്രകാരം അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനം ഉള്ളത്. ഇന്ത്യൻ പ്രവാസി ലീഗല്‍ സെല്ലിന്റെ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം മുഖേനെ സുപ്രീം കോടതിയില്‍ സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ എന്‍ വി രമണ, സഞ്ജീവ് ഖന്ന, കൃഷ്ണ മുറാരി എന്നിവർ വിഷയത്തിൽമറുപടി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും നോട്ടീസ് അയച്ചിരുന്നു. ഈ നോട്ടീസിന് മറുപടിയായിട്ടാണ് 13 സംസ്ഥാന സര്‍ക്കാരുകള്‍ മറുപടി സമര്‍പ്പിച്ചത്.