ദേവനന്ദയുടെ മരണത്തിൽ പുതിയ വെളിപ്പെടുത്തലുമായി അന്തിമ ഫോറൻസിക് റിപ്പോർട്ട്

single-img
14 March 2020

ദേവനന്ദയെന്ന എഴുവയസുകാരിയുടെ മരണം സംബന്ധിച്ച് ഫോറൻസിക് റിപ്പോർട്ട് എത്തി. അപ്രതീക്ഷിത വീഴ്ചയിലുണ്ടായ മുങ്ങിമരണമെന്നാണ് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നത്. തിരുവനന്തപുരം ഫോറൻസിക് വിഭാഗം മേധാവി ഡോ. ശശികലയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറി. 

ദേവനന്ദയുടേത് മുങ്ങിമരണമാണെന്നും മറ്റ് അസ്വാഭാവികതകളൊന്നുമില്ലെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ദേവനന്ദ മുങ്ങിയ സ്ഥലം കണ്ടെത്താൻ പരിശോധന, പോസ്‌റ്റുമോർട്ടം റിപ്പോർട്ട്, സംഭവ സ്ഥലത്തെ പരിശോധന, ആന്തരികാവയവങ്ങളുടെ പരിശോധന, വയറ്റിനുള്ളിലുണ്ടായിരുന്ന ആഹാരസാധനങ്ങൾ, ശരീരത്തെ മുറിവുകൾ എന്നിവ വിശകലനം ചെയ്തശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് ഫോറൻസിക് വിഭാഗം പറയുന്നു. 

മുഖത്തിന്റെ ഇടതുഭാഗത്ത് ചെറുതായി ഉരഞ്ഞ പാടുണ്ട്. ഇത് അപ്രതീക്ഷിതമായി വീണപ്പോൾ സംഭവിച്ചതാകാം. ശരീരത്തിൽ മറ്റ് പാടുകളോ മുറിവുകളോ ഇല്ലാത്തത് മുങ്ങിമരണമെന്ന നിഗമത്തിലാണ് എത്തിക്കുന്നത്. ആരെങ്കിലും തള്ളുകയോ ആറ്റിലെറിയുകയോ ചെയ്താൽ ശരീരത്തിൽ പാടുകളോ മുറിവുകളോ ഉണ്ടാകാം. എന്നാൽ ദേവനന്ദയുടെ ശരീരത്തിൽ അത്തരം പാടുകളൊന്നുമില്ലെന്നും ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. 

 വീണിടത്തുനിന്ന് ശരീരം ഒഴുകി മാറാം. ശരീരത്തിനുള്ളിലുണ്ടായിരുന്ന വെള്ളത്തിന്റെ പരിശോധനയിൽ കാര്യമായ വ്യത്യാസങ്ങൾ പ്രകടമല്ല. അപ്പോൾ ഒരുപാട് ഒഴുകി പോയിട്ടില്ല. ആന്തരിക ശ്രവങ്ങളുടെ പരിശോധനയിലും മുങ്ങിമരണമെന്നാണ് വ്യക്തമാക്കുന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.