കൊറോണ: ഭീതി മാറ്റാനും പ്രതിരോധം എങ്ങിനെ എന്ന് ജനങ്ങളെ മനസ്സിലാക്കിക്കാനും ബിജെപി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങും: കെ സുരേന്ദ്രൻ

single-img
14 March 2020

കേരളത്തിൽ നടക്കുന്ന കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ബിജെപി പ്രവര്‍ത്തകരും വിവിധ മോര്‍ച്ചകളുടെ പ്രവര്‍ത്തകരും രംഗത്തിറങ്ങുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ജനങ്ങളിൽ വർദ്ധിച്ചുവരുന്ന ഭീതി അകറ്റാനും പ്രതിരോധം എങ്ങിനെ എന്ന് ജനങ്ങളെ മനസ്സിലാക്കിക്കാനും ബിജെപി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങും. ആരോഗ്യരംഗത്തെ പ്രവര്‍ത്തകര്‍ക്ക് സഹായം ചെയ്യുക, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമുള്ള മാസ്‌കുകള്‍, സാനിറ്റൈസര്‍ എന്നിവ നല്‍കുക എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളിലും ബിജെപി സജീവമാകുമെന്ന് സുരേന്ദ്രന്‍ അറിയിച്ചു.

അതേപോലെ തന്നെ നിലവിൽ കേരളത്തിലെ പല ആശുപത്രികളിലും രക്തം ലഭ്യമല്ലാത്ത സ്ഥിതിയുണ്ട്. ഈ അവസ്ഥയ്ക്ക് പരിഹാരം കണ്ടെത്താനായി കേരളത്തിൽ ഉടനീളമുള്ള രക്തബാങ്കുകളില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രക്തം ദാനം ചെയ്യും. അതിന്റെ ഭാഗമായി നാളെമുതൽ രക്തദാന പ്രവര്‍ത്തനങ്ങളില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സജീവമാകുമെന്ന് സുരേന്ദ്രന്‍ അറിയിച്ചു.

ഓരോ ദിവസവും കൂടുതല്‍ സ്ഥലങ്ങളിലേക്ക് കൊറോണ ഭീതി പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ഭയപ്പാടിലാകാതെ സംയമനത്തോടും ഉത്തരവാദിത്വത്തോടും പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. ആരോഗ്യവകുപ്പ് പ്രവർത്തകർ നൽകുന്ന നിര്‍ദ്ദേശങ്ങള്‍കൃത്യമായി അനുസരിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും എല്ലാപേരും തയ്യാറാകണമെന്നും സുരേന്ദ്രൻ തന്റെ പ്രസ്താവനയില്‍ പറഞ്ഞു.